കള്ളവിപണിക്ക് പ്രഹരം;ക്വീൻസ്‌ലൻഡിൽ റെയ്ഡുകൾ ശക്തമായതോടെ നിയമാനുസൃത സിഗരറ്റ് വിൽപ്പനയിൽ 55% വർധന

പ്രധാന സൂപ്പർമാർക്കറ്റുകളും വ്യാപാരികളും ഇലിസിറ്റ് ടുബാക്കോ ആൻഡ് ഇ-സിഗരറ്റ് കമ്മീഷണർക്ക് നൽകിയ ഡാറ്റയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
Assistant Minister for Customs Julian Hill
Assistant Minister Julian HillABC News: Callum Flinn
Published on: 

ബ്രിസ്‌ബെയ്ൻ: അനധികൃത പുകയില കടകൾക്കെതിരെ ശക്തമായ നടപടികളുമായി ക്വീൻസ്‌ലൻഡ് സർക്കാർ മുന്നോട്ടുപോയതോടെ സംസ്ഥാനത്ത് നിയമപരമായ സിഗരറ്റ് വിൽപ്പനയിൽ 55 ശതമാനത്തിന്റെ വൻ വർധനവ്. മറ്റ് ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ വിൽപ്പന മാറ്റമില്ലാതെ തുടർന്നപ്പോഴാണ് നവംബറിൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് ക്വീൻസ്‌ലൻഡിൽ ഈ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. തുടർന്നുള്ള ആറുമാസങ്ങളിലും വിപണിയിലെ ഡിമാൻഡ് 40 മുതൽ 45 ശതമാനം വരെ ഉയർന്ന നിലയിൽ തുടർന്നു. പ്രധാന സൂപ്പർമാർക്കറ്റുകളും വ്യാപാരികളും ഇലിസിറ്റ് ടുബാക്കോ ആൻഡ് ഇ-സിഗരറ്റ് കമ്മീഷണർക്ക് നൽകിയ ഡാറ്റയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനുപുറമെ, പുകവലി നിർത്താൻ സഹായിക്കുന്ന ക്വിറ്റ്‌ലൈനിലേക്ക്വരുന്ന കോളുകളിൽ ഇരട്ടിയിലധികം വർധനവുണ്ടായി.

അനധികൃത സിഗരറ്റുകൾ, വേപ്പുകൾ, നിക്കോട്ടിൻ പൗച്ചുകൾ എന്നിവ പിടിച്ചെടുക്കുന്നതിലൂടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ എക്സൈസ് തീരുവയിനത്തിൽ 89 ദശലക്ഷം ഡോളറും ജിഎസ്ടി ഇനത്തിൽ 11 ദശലക്ഷം ഡോളറും അധിക വരുമാനമായി ഖജനാവിലെത്തുമെന്ന് കണക്കാക്കുന്നു. നവംബർ മുതൽ ക്വീൻസ്‌ലൻഡ് ഹെൽത്ത് 300-ലധികം കടകൾക്ക് അടച്ചുപൂട്ടൽ ഉത്തരവ് നൽകി. കോടതി ഉത്തരവില്ലാതെ തന്നെ നിയമവിരുദ്ധ കടകൾ 90 ദിവസത്തേക്ക് പൂട്ടിക്കാനും, കെട്ടിടം വാടകയ്ക്ക് നൽകുന്ന ഉടമകൾക്ക് 1.61 ലക്ഷം ഡോളർ വരെ പിഴയും തടവും ചുമത്താനും അധികൃതർക്ക് പുതിയ നിയമം അധികാരം നൽകുന്നുണ്ട്. അതേസമയം, പുകയില ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവ 80 ശതമാനം കുറയ്ക്കണമെന്ന് ഫെഡറൽ പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ, നികുതി കുറയ്ക്കാതെ തന്നെ ക്വീൻസ്‌ലൻഡ് മാതൃകയിൽ റെയ്ഡുകൾ കടുപ്പിച്ച് കള്ളക്കടത്തു മാഫിയകളെ തകർക്കാനാണ് ഫെഡറൽ സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുന്നത്.

Metro Australia
maustralia.com.au