
വ്യാജ പാസ്‌പോർട്ടിൽ ഓസ്‌ട്രേലിയയിൽ പ്രവേശിച്ചതിന് ഐറിഷ് പൗരനായ 26 കാരനായ മൈക്കൽ കോണേഴ്‌സ് അറസ്റ്റിലായി. വ്യാജ പാസ്‌പോർട്ടിൽ രാജ്യത്ത് പ്രവേശിച്ചതായും പിന്നീട് ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടി തടങ്കലിൽ നിന്ന് രക്ഷപ്പെട്ടതായും ആരോപിച്ച് ഐറിഷ് പൗരനെതിരെ ഫെഡറൽ പോലീസ് കേസെടുത്തു. തെറ്റായ രേഖകളും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ഉപയോഗിച്ചതിനും തടങ്കലിൽ നിന്ന് രക്ഷപ്പെട്ടതിനും ഉൾപ്പെടെ രണ്ട് ഫെഡറൽ കുറ്റങ്ങളാണ് കോണേഴ്സിനെതിരെ ചുമത്തിയിരിക്കുന്നത്.
വ്യാജ പാസ്‌പോർട്ടിൽ ഓസ്‌ട്രേലിയയിലേക്ക് കടന്ന കോണേഴ്സ് ബയോമെട്രിക് പരിശോധനകൾ നടത്താൻ വിസമ്മതിച്ചപ്പോൾ കസ്റ്റഡിയിലെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടി ഒരു കെട്ടിടത്തിന്റെ വശത്തേക്ക് ചാടിവീണതിന് ശേഷം അയാൾ തടങ്കലിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് എഎഫ്‌പി ആരോപിക്കുന്നു. 2025 ഏപ്രിലിൽ മിസ്റ്റർ കോണേഴ്‌സിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി എഎഫ്‌പി അറിയിച്ചു.
വ്യാഴാഴ്ച സിഡ്‌നിയുടെ പുറംഭാഗമായ ബോക്‌സ് ഹില്ലിൽ വെച്ചാണ് NSW പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പാരമറ്റ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി അയാളെ ക്വീൻസ്‌ലാൻഡിലേക്ക് തിരികെ കൊണ്ടുപോകാനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ക്വീൻസ്‌ലാൻഡിലേക്ക് കൊണ്ടുപോയി. അതേസമയം ശനിയാഴ്ച രാവിലെ ബ്രിസ്ബേൻ അറസ്റ്റ് കോടതിയിൽ 26 കാരനായ മൈക്കൽ കോണേഴ്‌സ് ഹാജരാക്കിയെങ്കിലും അദ്ദേഹത്തിന് വേണ്ടി അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചില്ല. കൂടാതെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും കോണേഴ്‌സിന്റെ അഭിഭാഷകൻ മാർക്ക് സ്റ്റോൺ ഉത്തരം നൽകിയില്ല. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ തനിക്ക് "അഭിപ്രായമൊന്നുമില്ല" എന്ന് മാത്രമാണ് അദ്ദേഹം സംസാരിച്ചത്. കേസ് ഓഗസ്റ്റ് 15 ന് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരും.