

ബ്രിസ്ബേൻ: 1.55 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ ചെലവിൽ നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗോൾഡ് കോസ്റ്റ് ലൈറ്റ് റെയിലിന്റെ മൂന്നാം ഘട്ടം (Stage 3) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ബ്രോഡ്ബീച്ചിൽ നിന്ന് ബർലേ ഹെഡ്സിലേക്കുള്ള (Broadbeach to Burleigh Heads) പുതിയ പാതയിൽ ട്രാം സർവീസുകൾ ആരംഭിച്ചതോടെ പ്രതിമാസം ഇരുപത് ലക്ഷത്തോളം യാത്രക്കാർ ഇത് ഉപയോഗപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.
വർദ്ധിച്ചുവരുന്ന നഗര ജനസംഖ്യയും ഗതാഗതക്കുരുക്കും പരിഹരിക്കാൻ ലൈറ്റ് റെയിൽ സംവിധാനം ഉപകരിക്കുമെങ്കിലും, പദ്ധതിയുടെ അടുത്ത ഘട്ടമായ സ്റ്റേജ് 4 (Burleigh Heads to Gold Coast Airport) റദ്ദാക്കിയതിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്. വിമാനത്താവളത്തിലേക്കുള്ള ലൈറ്റ് റെയിൽ പാത റദ്ദാക്കി പകരം 'ജി.സി സർഫർ' (GC Surfer) ബസ് സർവീസുകൾ ഏർപ്പെടുത്താനുള്ള തീരുമാനം നഗരത്തിന്റെ ദീർഘകാല വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അർബൻ പ്ലാനിംഗ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിർമ്മാണച്ചെലവിലെ വർദ്ധനവും പ്രാദേശിക എതിർപ്പുകളും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നാലാം ഘട്ടത്തിൽ നിന്ന് പിന്മാറിയതെങ്കിലും, ഗോൾഡ് കോസ്റ്റിന്റെ ഭാവി ഗതാഗത സൗകര്യങ്ങൾക്ക് ലൈറ്റ് റെയിൽ അത്യന്താപേക്ഷിതമാണെന്നാണ് വിദഗ്ദ്ധരുടെ നിലപാട്.