

ബ്രിസ്ബേൻ: പ്രവാസി മലയാളികളടക്കം ഏറെ ആകാംഷയോടെ കാത്തിരുന്ന ഗോൾഡ് കോസ്റ്റ് ലൈറ്റ് റെയിലിന്റെ മൂന്നാം ഘട്ടം (Gold Coast Light Rail Stage 3) ഓഗസ്റ്റ് 9 ഞായറാഴ്ച മുതൽ യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്ന് ക്വീൻസ്‌ലാന്റ് സർക്കാർ സ്ഥിരീകരിച്ചു. ബ്രോഡ്ബീച്ചിനെ ബർലേ ഹെഡ്സുമായി (Broadbeach to Burleigh Heads) ബന്ധിപ്പിക്കുന്ന 6.7 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയിൽ മർമെയ്ഡ് ബീച്ച്, മയാമി, ക്രിസ്റ്റിൻ അവന്യൂ എന്നിവയുൾപ്പെടെ എട്ട് പുതിയ സ്റ്റോപ്പുകളാണുള്ളത്.
ഞായറാഴ്ച രാവിലെ 6 മണിക്ക് ബർലേ ഹെഡ്സ്, ബ്രോഡ്ബീച്ച് സ്റ്റേഷനുകളിൽ നിന്ന് ആദ്യ ട്രാം സർവീസ് ആരംഭിക്കും. 1.55 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ ചെലവഴിച്ചാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. നിരക്കുകൾ സ്ഥിരമായി 50 സെന്റാക്കി (50-cent fares) ക്വീൻസ്‌ലാന്റ് സർക്കാർ നിലനിർത്തിയത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസമാകും. 2032-ലെ ബ്രിസ്ബേൻ ഒളിമ്പിക്‌സിന് മുന്നോടിയായി ഗോൾഡ് കോസ്റ്റിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും വ്യാപാരികൾക്ക് ഉണർവ് നൽകാനും പുതിയ സർവീസ് സഹായിക്കുമെന്ന് ഗതാഗത മന്ത്രി ബ്രെന്റ് മിക്കൽബെർഗ് വ്യക്തമാക്കി.