

ഓസ്‌ട്രേലിയയിൽ രണ്ട് പുതിയ വലിയ ചുള്ളിക്കമ്പ് പ്രാണി ഇനങ്ങളെ ഗവേഷകർ തിരിച്ചറിഞ്ഞു. പ്രാണികളുടെ വൈവിധ്യത്തെക്കുറിച്ച് ഇപ്പോഴും മനുഷ്യർക്ക് പരിമിതമായ അറിവേ ഉള്ളൂവെന്നതിന്റെ തെളിവാണ് കണ്ടെത്തലെന്ന് ഗവേഷകർ പറഞ്ഞു. ക്വീൻസ്‌ലാൻഡിന്റെ വടക്കൻ മേഖലയിൽ കണ്ടെത്തിയ ഇനങ്ങളാണ് പുതിയതായി തിരിച്ചറിഞ്ഞത്. Austral Entomology ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തലുകൾ വിശദീകരിച്ചിരിക്കുന്നത്.
ഇവയിൽ ഒന്നിന് Anchiale robusta എന്നാണ് പേര് നൽകിയിരിക്കുന്നത്. വർഷങ്ങളായി പ്രാണി പ്രേമികൾക്കും ശാസ്ത്രജ്ഞർക്കും പരിചിതമായിരുന്ന ഈ ചുള്ളിക്കമ്പ് പ്രാണിയെ മറ്റൊരു ഇനമായി തെറ്റായി തിരിച്ചറിഞ്ഞിരുന്നതായി ഡിഎൻഎ പരിശോധനയിലൂടെയും മ്യൂസിയം ശേഖരങ്ങളിലൂടെയും സിറ്റിസൺ സയൻസ് രേഖകളിലൂടെയും നടത്തിയ പഠനത്തിൽ കണ്ടെത്തി. Anchiale robusta ഇനത്തിലെ പെൺപ്രാണികൾക്ക് 12 മുതൽ 16 സെന്റിമീറ്റർ വരെ നീളവും ആൺപ്രാണികൾക്ക് 9 മുതൽ 10 സെന്റിമീറ്റർ വരെ നീളവുമുണ്ടാകും. ഇവയുടെ ചിറകുകൾക്ക് പൊതുവെ കറുപ്പ് നിറമാണെങ്കിലും ചിലതിന്റെ പിൻചിറകിന്റെ അടിഭാഗത്ത് പർപ്പിൾ നിറവും കാണപ്പെടുന്നു.
രണ്ടാമത്തെ ഇനത്തിന് Anchiale mabiensis എന്നാണ് പേര് നൽകിയിരിക്കുന്നത്. ക്വീൻസ്‌ലാൻഡിലെ അതീവ വംശനാശ ഭീഷണി നേരിടുന്ന അതർട്ടൺ ടേബിൾലാൻഡ്സിലെ മാബി മഴക്കാടുകളിലാണ് ഇവ കാണപ്പെടുന്നത്. ഈ ഇനത്തിലെ പെൺപ്രാണികൾക്ക് ഏകദേശം 11 മുതൽ 12 സെന്റിമീറ്റർ വരെ നീളമുണ്ട്. മുട്ടകൾക്ക് പ്രത്യേക ഘടനയിലുള്ള ‘മൂടി’യുണ്ടെന്നും വിരിയുമ്പോൾ ഇത് വേർപെടുമെന്നും ഗവേഷകർ പറഞ്ഞു. പുതിയ രണ്ട് ഇനങ്ങളെ തിരിച്ചറിഞ്ഞതിനൊപ്പം മൂന്നാമത്തെ ഒരു ഇനത്തിന്റെ സാന്നിധ്യവും ഗവേഷകർ സ്ഥിരീകരിച്ചു. ഇതോടെ വടക്കൻ ന്യൂ സൗത്ത് വെയിൽസിൽ നിന്ന് ഉഷ്ണമേഖലാ വടക്കൻ ക്വീൻസ്‌ലാൻഡിലേക്ക് വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് മുമ്പ് രണ്ട് ഇനങ്ങളായി കണക്കാക്കിയിരുന്നവ യഥാർഥത്തിൽ അഞ്ച് വ്യത്യസ്ത ഇനങ്ങളാണെന്ന് കണ്ടെത്തി. ഇവയുടെ ആവാസവ്യവസ്ഥ മുമ്പ് കരുതിയിരുന്നതിലും പരിമിതമാണെന്ന് കണ്ടെത്തിയത് സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രധാനപ്പെട്ട വിവരമാണെന്ന് പഠനത്തിന്റെ പ്രധാന ഗവേഷകൻ ഡോ. ബ്രാക്സ്റ്റൺ ജോൺസ് പറഞ്ഞു. കേപ് യോർക്കിൽ മറ്റൊരു പുതിയ ഇനമാകാൻ സാധ്യതയുള്ള ചുള്ളിക്കമ്പ് പ്രാണിയെയും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇനം സ്ഥിരീകരിക്കാൻ കൂടുതൽ സാമ്പിളുകൾ ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം അതർട്ടൺ ടേബിൾലാൻഡ്സിൽ നിന്ന് 40 സെന്റിമീറ്റർ നീളമുള്ള Acrophylla alta എന്ന പുതിയ ചുള്ളിക്കമ്പ് പ്രാണി ഇനത്തെയും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും ഭാരമേറിയ പ്രാണിയായിരിക്കാമെന്നാണ് അന്ന് ഗവേഷകർ വിലയിരുത്തിയത്. വടക്കുകിഴക്കൻ ക്വീൻസ്‌ലാൻഡിൽ കാണപ്പെടുന്ന ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ ഭീമൻ ചുള്ളിക്കമ്പ് പ്രാണിയിലെ പെൺപ്രാണികൾക്ക് അര മീറ്ററിലേറെ നീളം വരെ വളരാനും കഴിയും.