

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ സൗത്ത്-ഈസ്റ്റ് ക്വീൻസ്‌ലാന്റിൽ സബ്‌സ്റ്റേഷനിൽ നിന്നും ചെമ്പ് കേബിളുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ വൻ തീപിടുത്തം. അപകടത്തെത്തുടർന്ന് പ്രദേശത്തെ പതിനായിരക്കണക്കിന് ഉപഭോക്താക്കൾക്ക് മണിക്കൂറുകളോളം വൈദ്യുതി ബന്ധം നഷ്ടമായി. സർക്കാർ ഉടമസ്ഥതയിലുള്ള 'എനർജെക്സ്' (Energex) കമ്പനിയുടെ ബ്രൗൺസ് പ്ലെയിൻസ് സബ്‌സ്റ്റേഷനിലാണ് പുലർച്ചെ 2:45 ഓടെ സംഭവം നടന്നത്. മോഷ്ടാക്കളുടെ ശ്രമത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും ബോറോണിയ ഹൈറ്റ്സ്, ഹിൽക്രെസ്റ്റ്, റീജന്റ്സ് പാർക്ക് തുടങ്ങിയ നഗരപ്രാന്തങ്ങളിലെ 13,000-ത്തോളം ഉപഭോക്താക്കളാണ് പൂർണ്ണമായും ഇരുട്ടിലായത്.
സബ്‌സ്റ്റേഷന് പുറത്തുള്ള കേബിൾ പിറ്റിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ 11,000 വോൾട്ട് ശേഷിയുള്ള ലൈവ് കേബിൾ മുറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് എനർജെക്സ് ഫീൽഡ് ഡെലിവറി ജനറൽ മാനേജർ കെവ് ലാവെൻഡർ പറഞ്ഞു. 11,000 വോൾട്ട് ലൈൻ മുറിക്കാൻ ശ്രമിച്ച വ്യക്തിക്ക് അതീവ ഗുരുതരമായ പൊള്ളലേൽക്കാനോ അല്ലെങ്കിൽ സംഭവസ്ഥലത്തുതന്നെ മരണം സംഭവിക്കാനോ ഉള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോഷ്ടാക്കൾ വലിയൊരു ദുരന്തത്തിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. എന്നാൽ, മോഷ്ടാക്കൾ മുറിച്ച കേബിൾ ചെമ്പിന്റേതായിരുന്നില്ല, മറിച്ച് അലുമിനിയത്തിന്റേതായിരുന്നുവെന്ന് അധികൃതർ പിന്നീട് തിരിച്ചറിഞ്ഞു. എനർജെക്സ് തങ്ങളുടെ നെറ്റ്‌വർക്കിലുടനീളം ചെമ്പ് കേബിളുകൾ മാറ്റി സ്ഥാപിക്കുന്നതിനിടയിലാണ് ഈ സംഭവം.
കഴിഞ്ഞ 12 മാസത്തിനിടയിൽ ക്വീൻസ്‌ലാന്റിലുടനീളം ആയിരത്തോളം കേബിൾ മോഷണശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുതിയ ഭവന പദ്ധതികൾ കേന്ദ്രീകരിച്ചും സബ്‌സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും ചെമ്പ് മോഷണം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, മെറ്റൽ മോഷണങ്ങൾ തടയുന്നതിനായി ക്വീൻസ്‌ലാന്റ് സർക്കാർ ഈ വർഷം ആദ്യം കടുത്ത നിയമനിർമ്മാണം നടത്തിയിരുന്നു. സ്ക്രാപ്പ് മെറ്റൽ ഡീലർമാർക്ക് മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിട്ടുള്ളത്. സബ്‌സ്റ്റേഷനുകൾക്ക് സമീപം സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.