

ബ്രിസ്‌ബെയ്ൻ: തെരേസ ക്രീക്ക് ഡാമിലെ (Theresa Creek Dam) രണ്ട് പ്രധാന വാട്ടർ പമ്പുകളും ഒരേസമയം തകരാറിലായതിനെ തുടർന്ന് സെൻട്രൽ ക്വീൻസ്‌ലൻഡ് നഗരമായ ക്ലർമോണ്ടിൽ കടുത്ത ജലക്ഷാമവും അടിയന്തര ജല നിയന്ത്രണവും ഏർപ്പെടുത്തി. മൂവായിരത്തോളം ആളുകൾ അധിവസിക്കുന്ന നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഡാമിലെ തകരാറിനെത്തുടർന്ന് ഐസക് റീജിയണൽ കൗൺസിൽ ജനങ്ങൾക്ക് എസ്എംഎസ് വഴി ജാഗ്രതാ നിർദ്ദേശം നൽകി. കുടിക്കാനും പാചകം ചെയ്യാനും പ്രാഥമിക ആവശ്യങ്ങൾക്കും മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്നും പുറം ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.
തകരാറിലായ ഒരു പമ്പ് മാറ്റിസ്ഥാപിച്ചതായും രണ്ടാമത്തെ പമ്പ് അടിയന്തരമായി നന്നാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കൗൺസിൽ അറിയിച്ചു. പമ്പ് തകരാറിലായതിന്റെ കാരണം കണ്ടെത്താൻ മുങ്ങൽ വിദഗ്ദ്ധർ ഡാമിൽ പരിശോധന നടത്തിവരികയാണ്. കൗൺസിലിന്റെ നിർദ്ദേശത്തെത്തുടർന്ന് നഗരവാസികൾ ജല ഉപയോഗം പകുതിയോളം കുറച്ചതോടെ ജലസംഭരണികളിലെ നിരപ്പ് 15 ശതമാനം ഉയർന്നത് ആശ്വാസമായിട്ടുണ്ട്. അതേസമയം, ഉയർന്ന വാട്ടർ നിരക്കുകൾ ഈടാക്കിയിട്ടും കഴിഞ്ഞ ഏതാനും മാസങ്ങളായി ക്ലർമോണ്ട് ഉൾപ്പെടെയുള്ള കാർമില, മൊറാൻബ, സെന്റ് ലോറൻസ് തുടങ്ങിയ സമീപ നഗരങ്ങളിൽ ജലവിതരണ അടിസ്ഥാന സൗകര്യങ്ങൾ തുടർച്ചയായി തകരാറിലാകുന്നതിൽ പ്രദേശവാസികൾ കടുത്ത അതൃപ്തിയിലാണ്.