വാടകക്കയറ്റം കടുക്കുന്നു; ഗാർഹിക പീഡന ഇരകൾ സുരക്ഷിതമല്ലാത്ത വീടുകളിൽ തുടരാൻ നിർബന്ധിതരാകുന്നു

2026 മാർച്ച് മാസത്തെ കണക്കുകൾ പ്രകാരം നഗരത്തിൽ 315 തനിച്ചുള്ള സ്ത്രീകളും കുട്ടികളുമായി കഴിയുന്ന 216 അമ്മമാരും പൂർണ്ണമായും ഭവനരഹിതരാണ്
ബ്രിസ്‌ബെയ്‌നിലെ വാടകക്കയറ്റം കടുക്കുന്നു
ബ്രിസ്‌ബെയ്‌നിലെ വാടകക്കയറ്റം കടുക്കുന്നുPexels: Bas Masseus
Published on

ബ്രിസ്‌ബെയ്ൻ: ബ്രിസ്‌ബെയ്ൻ നഗരത്തിൽ വാടക നിരക്കുകൾ റെക്കോർഡ് ഉയരത്തിലെത്തുകയും ഒഴിവുള്ള വീടുകളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാകുകയും ചെയ്തതോടെ, ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ജീവനിലുള്ള ഭയം കാരണം പങ്കാളിയുടെ പീഡനങ്ങളിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിക്കുന്ന പലർക്കും നഗരത്തിൽ താങ്ങാനാകുന്ന ചെലവിൽ വീടുകൾ ലഭിക്കാത്തതിനാൽ, ഒന്നുകിൽ തെരുവുകളിലെ ഭവനരഹിതാവസ്ഥ അല്ലെങ്കിൽ പീഡനം സഹിച്ചു പഴയ വീട്ടിൽ തന്നെ തുടരുക എന്നീ രണ്ട് കടുത്ത അവസ്ഥകൾക്കിടയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

ഭവനരഹിതർക്കായി പ്രവർത്തിക്കുന്ന 'ബ്രിസ്‌ബെയ്ൻ സീറോ' (Brisbane Zero) കൂട്ടായ്മ പുറത്തുവിട്ട 2026 മാർച്ച് മാസത്തെ കണക്കുകൾ പ്രകാരം നഗരത്തിൽ 315 തനിച്ചുള്ള സ്ത്രീകളും കുട്ടികളുമായി കഴിയുന്ന 216 അമ്മമാരും പൂർണ്ണമായും ഭവനരഹിതരാണ്. ഇതിൽ 58 ശതമാനം സ്ത്രീകളും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കടുത്ത ഗാർഹിക പീഡനങ്ങൾ നേരിട്ടവരാണ്. 36 ശതമാനം പേരും തങ്ങൾ വീടുവിടാൻ പ്രധാന കാരണം കുടുംബത്തിലെ അതിക്രമങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കമ്മ്യൂണിറ്റി സംഘടനയായ 'മൈക്ക പ്രോജക്ട്സ്' താൽക്കാലികമായി നൽകുന്ന ഹോട്ടൽ/മൊട്ടേൽ ക്രിസിസ് അക്കോമഡേഷനുകൾ കുട്ടികളുള്ള കുടുംബങ്ങൾക്ക് ദീർഘകാലത്തേക്ക് അനുയോജ്യമല്ല. കൂടാതെ സുരക്ഷിത അഭയകേന്ദ്രങ്ങളിലേക്ക് മാറുന്നത് കുട്ടികളുടെ പഠനത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുമെന്നതിനാൽ പല സ്ത്രീകളും ഒടുവിൽ അക്രമാസക്തരായ പങ്കാളികളിലേക്ക് തന്നെ മടങ്ങാൻ നിർബന്ധിതരാകുന്നു.

പ്രമുഖ പ്രോപ്പർട്ടി ഏജൻസിയായ 'ഡൊമെയ്ൻ' പുറത്തുവിട്ട ഈ വർഷത്തെ ആദ്യ പാദ റിപ്പോർട്ട് അനുസരിച്ച് ബ്രിസ്‌ബെയ്‌നിലെ ശരാശരി വീട്ടുവാടക ആഴ്ചയിൽ 680 ഡോളറും അപ്പാർട്ട്മെന്റുകളുടേത് 660 ഡോളറുമായി ഉയർന്നിട്ടുണ്ട്. നഗരത്തിലെ വാടക വീടുകളുടെ വേക്കൻസി നിരക്ക് വെറും 0.6 ശതമാനം മാത്രമാണ്. ഇവിടെ സാമ്പത്തിക സമ്മർദ്ദമില്ലാതെ ഒരു സാധാരണ വീട് വാടകയ്ക്കെടുക്കണമെങ്കിൽ ഒരു കുടുംബത്തിന് പ്രതിവർഷം കുറഞ്ഞത് 114,400 ഡോളർ വരുമാനം ഉണ്ടായിരിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വാടക നിരക്കുകളിൽ 58 മുതൽ 65 ശതമാനം വരെ വർദ്ധനവുണ്ടായപ്പോൾ സാധാരണക്കാരുടെ വരുമാനത്തിൽ അതിനനുസരിച്ചുള്ള വളർച്ചയുണ്ടായിട്ടില്ല. സെന്റർലിങ്ക് പോലുള്ള സർക്കാർ ക്ഷേമ പെൻഷനുകളെ മാത്രം ആശ്രയിക്കുന്നവർക്ക് നിലവിലെ സ്വകാര്യ വിപണിയിൽ ഒരു വീട് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്.

ഗാർഹിക പീഡനത്തിൽ നിന്നും രക്ഷപെടുന്നവർക്കായി ക്വീൻസ്‌ലൻഡ് സംസ്ഥാന സർക്കാർ വിക്ടിം അസിസ്റ്റ് വഴിയും അടിയന്തിര ഫ്ലെക്സിബിൾ പാക്കേജുകൾ വഴിയും സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇരകൾക്ക് അടിയന്തിര സുരക്ഷ ഉറപ്പാക്കാൻ പോലീസിന് പ്രത്യേക സംരക്ഷണ നിർദ്ദേശങ്ങൾ നൽകാനുള്ള അധികാരം, അക്രമികളായ പ്രതികളെ നിരീക്ഷിക്കാൻ ജി.പി.എസ് ട്രാക്കറുകൾ , പുതിയ ഹോപ്പ് ഹബ്ബുകൾ എന്നിവ ക്രിസാഫുള്ളി) സർക്കാർ ശക്തമാക്കിയിട്ടുണ്ടെന്ന് ഗാർഹിക പീഡന പ്രതിരോധ വകുപ്പ് മന്ത്രി അമാൻഡ കാം വ്യക്തമാക്കി. എന്നാൽ, സാമ്പത്തിക സഹായങ്ങൾക്കായി അപേക്ഷിക്കുന്നതിനുള്ള സങ്കീർണ്ണമായ ചട്ടങ്ങൾ പലപ്പോഴും ഇരകളെ വീണ്ടും മാനസികമായി തളർത്തുന്നതാണെന്നും, വീട്ടുവാടകയും ജീവിതച്ചെലവും കുറയ്ക്കാനുള്ള ശാശ്വത പരിഹാരങ്ങളാണ് സർക്കാർ നടപ്പിലാക്കേണ്ടതെന്നും ഈ ദുരവസ്ഥ നേരിട്ട് അനുഭവിച്ചറിഞ്ഞ ഇരകൾ ഓർമ്മിപ്പിക്കുന്നു.

Metro Australia
maustralia.com.au