

പ്രഭാതത്തിൽ നേരത്തെ ഉണരുന്ന നഗരവാസികളുടെ ശീലം പ്രയോജനപ്പെടുത്തി പ്രഭാത സമ്പദ്‌വ്യവസ്ഥ (Dawn Economy) ശക്തിപ്പെടുത്താനൊരുങ്ങി ബ്രിസ്ബെയ്ൻ സിറ്റി കൗൺസിൽ. പ്രഭാത സമയങ്ങളിലെ സാമ്പത്തിക, വിനോദ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 'ഡോൺ പ്ലാൻ' (Dawn Plan) എന്ന പേരിൽ പുതിയ പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് കൗൺസിൽ വിവര ശേഖരണം ആരംഭിച്ചു. രാവിലെ 4 മണിക്കും 7 മണിക്കും ഇടയിൽ ആളുകൾ എങ്ങനെയൊക്കെ സമയം ചെലവഴിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനായാണ് സർവേ നടത്തുന്നത്. ഈ സമയങ്ങളിൽ ബ്രിസ്ബെയ്നിലെ പാർക്കുകളിലെ സൗകര്യങ്ങൾ, നടപ്പാതകൾ, പൊതുഗതാഗതം എന്നിവ കൂടുതൽ മെച്ചപ്പെടുത്താൻ സർവേയിൽ നിന്നുള്ള വിവരങ്ങൾ സഹായിക്കുമെന്ന് ലോർഡ് മേയർ അഡ്രിയാൻ ഷ്രിന്നർ പറഞ്ഞു. നിലവിൽ തന്നെ പ്രഭാത സമയങ്ങളിൽ കായിക-വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മെൽബൺ സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷക ഡോ. അന്നാ എഡ്വേർഡിന്റെ പഠനമനുസരിച്ച് ഓസ്‌ട്രേലിയയിൽ തന്നെ പ്രഭാത സമയത്ത് ഏറ്റവും കൂടുതൽ വ്യാപാര-വ്യവസായങ്ങൾ സജീവമാകുന്ന നഗരങ്ങളിലൊന്നാണ് ബ്രിസ്ബെയ്ൻ. രാവിലെ 5 മണിക്കും 6 മണിക്കും ഇടയിൽ ബ്രിസ്ബെയ്നിലെ 13 ശതമാനത്തോളം ഭക്ഷണശാലകളും കഫേകളും തുറന്നുപ്രവർത്തിക്കുന്നുണ്ട്. രാവിലെ 8 മണിയാകുമ്പോഴേക്കും പകുതിയോളം സ്ഥാപനങ്ങളും സജീവമാകും. ആരോഗ്യ സംരക്ഷണത്തിനും വ്യായാമത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന ആഗോള രീതികൾ നഗരവാസികളും ഏറ്റെടുത്തതോടെ പ്രഭാത സമയങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാണ് കൗൺസിൽ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ രാത്രികാല സമ്പദ്‌വ്യവസ്ഥയെ (Night-time economy) ബാധിക്കാതെ തന്നെ 24 മണിക്കൂറും സജീവമായ ഒരു നഗരമാക്കി ബ്രിസ്ബെയ്നെ മാറ്റുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള 'ഡോൺ എക്കോണമി' സർവേ നവംബർ 22 അർദ്ധരാത്രി വരെ ലഭ്യമായിരിക്കും.