ഓസ്ട്രേലിയയിൽ എഐ നിയന്ത്രിത ട്രാഫിക് സിഗ്നലുകളുടെ ആദ്യ പരീക്ഷണം

ക്വീൻസ്ലാൻഡിലെ സിറ്റി ഓഫ് മൊർട്ടൺ ബേ കൗൺസിലാണ് ബ്രിസ്ബേനിന് സമീപമുള്ള പെട്രിയിലെ മോർട്ടൺ പരേഡ് – പേപ്പർ അവന്യൂ ജംഗ്ഷനിൽ എഐ അധിഷ്ഠിത ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നത്.
ഓസ്ട്രേലിയയിൽ എഐ നിയന്ത്രിത ട്രാഫിക് സിഗ്നലുകളുടെ ആദ്യ പരീക്ഷണം
Published on

ഗതാഗതക്കുരുക്ക് കുറയ്ക്കാനും വാഹനങ്ങളുടെ യാത്രാസമയം മെച്ചപ്പെടുത്താനും കാൽനടയാത്രക്കാർക്ക് സിഗ്നലിൽ കാത്തുനിൽക്കേണ്ട സമയം കുറയ്ക്കാനുമായി ഓസ്ട്രേലിയയിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്ന ട്രാഫിക് സിഗ്നലുകളുടെ പരീക്ഷണം ഈ വർഷം ആരംഭിക്കും. ക്വീൻസ്ലാൻഡിലെ സിറ്റി ഓഫ് മൊർട്ടൺ ബേ കൗൺസിലാണ് ബ്രിസ്ബേനിന് സമീപമുള്ള പെട്രിയിലെ മോർട്ടൺ പരേഡ് – പേപ്പർ അവന്യൂ ജംഗ്ഷനിൽ എഐ അധിഷ്ഠിത ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നത്. പരീക്ഷണം വിജയകരമായാൽ കൂടുതൽ തിരക്കേറിയ ജംഗ്ഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് കൗൺസിൽ അറിയിച്ചു. നിലവിലെ ട്രാഫിക് ലൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി, പുതിയ സംവിധാനം തത്സമയ ഗതാഗത വിവരങ്ങളും എഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് റോഡിലെ വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് സിഗ്നലുകളുടെ സമയം സ്വയമേവ ക്രമീകരിക്കും.

1980-കളിൽ സ്ഥാപിച്ച പഴയ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളെക്കാൾ കാര്യക്ഷമമായി വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും ഗതാഗതം നിയന്ത്രിക്കാൻ എഐക്ക് കഴിയുമോയെന്നതാണ് പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. "ഓസ്ട്രേലിയയിൽ ആദ്യമായി ഈ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. വാഹനഗതാഗതം കൂടുതൽ സുഗമമാക്കാൻ ഇതിന് വലിയ സാധ്യതയുണ്ട്" എന്ന് സിറ്റി ഓഫ് മൊർട്ടൺ ബേ മേയർ പീറ്റർ ഫ്ലാനറി പറഞ്ഞു. ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾക്ക് ആവശ്യമായ സമയങ്ങളിൽ മുൻഗണന നൽകാനും ഈ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പഴയ സംവിധാനങ്ങളിൽ വാഹനങ്ങളില്ലാത്തപ്പോഴും ചുവപ്പ് സിഗ്നലിൽ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കി, ആവശ്യത്തിനനുസരിച്ച് സിഗ്നലുകൾ ക്രമീകരിക്കാനാകും. ഇതിലൂടെ ഗതാഗതക്കുരുക്ക് കുറയും, യാത്രാസമയം ചുരുങ്ങും. ചുവപ്പ് സിഗ്നലിൽ വാഹനങ്ങൾ നിൽക്കുന്ന സമയം കുറയുന്നതിനാൽ ഇന്ധന ഉപഭോഗവും മലിനീകരണവും കുറയുന്നതാണ്. കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സിഗ്നൽ സംവിധാനം ഇതിലൂടെ ലഭിക്കും. അതേസമയം ന്യൂ സൗത്ത് വെയിൽസിലെ മാൻലിയിലും എഐ അധിഷ്ഠിത പാദചാരി സിഗ്നൽ സംവിധാനം പരീക്ഷിച്ചിരുന്നു. അവിടെ സ്മാർട്ട് ക്യാമറകളും എഐയും ഉപയോഗിച്ച് കാൽനടയാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സിഗ്നലുകളുടെ സമയം ക്രമീകരിച്ചതിലൂടെ, ചുവപ്പ് സിഗ്നൽ മറികടന്ന് റോഡ് മുറിച്ചുകടക്കുന്നവരുടെ എണ്ണം 34 ശതമാനം കുറഞ്ഞതായി സർക്കാർ അറിയിച്ചു. 2026-ൽ പാരമാറ്റയിലും സമാന സംവിധാനം സ്ഥാപിക്കാൻ ന്യൂ സൗത്ത് വെയിൽസ് സർക്കാർ പദ്ധതിയിടുന്നുണ്ട്.

Metro Australia
maustralia.com.au