

സിഡ്‌നി: ഏഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി വമ്പിച്ച നിരക്കിളവുകളുമായി ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടസ്. 'ഏഷ്യ സെയിൽ' (Asia Sale) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ഇക്കോണമി ക്ലാസ്സിൽ 599 ഡോളർ മുതൽ വിദേശ യാത്രകൾ സാധ്യമാകും. സിംഗപ്പൂർ, ജപ്പാൻ, ഹോങ്കോംഗ്, ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്കെല്ലാം ഇളവുകൾ ലഭ്യമാണ്.
സിഡ്‌നിയിൽ നിന്ന് സിംഗപ്പൂരിലേക്ക് 879 ഡോളർ മുതലും, ബാങ്കോക്കിലേക്ക് 1099 ഡോളർ മുതലുമാണ് ഇക്കോണമി നിരക്കുകൾ ആരംഭിക്കുന്നത്. ടോക്കിയോയിലേക്ക് 1149 ഡോളറും ഹോങ്കോംഗിലേക്ക് 1259 ഡോളറുമാണ് കുറഞ്ഞ നിരക്ക്.
ബിസിനസ് ക്ലാസ്: ബിസിനസ് ക്ലാസ് യാത്രക്കാർക്ക് സിംഗപ്പൂരിലേക്ക് 4199 ഡോളർ മുതലും ജപ്പാനിലേക്ക് 5799 ഡോളർ മുതലും റിട്ടേൺ ടിക്കറ്റുകൾ ലഭിക്കും.
ബുക്കിംഗ്: മെയ് 5-ാം തീയതി രാത്രി 11.59 വരെയാണ് ബുക്കിംഗ് കാലാവധി. അടുത്ത വർഷം മാർച്ച് വരെയുള്ള നിശ്ചിത തീയതികളിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മൂലം ഇന്ധന ചിലവ് വർദ്ധിച്ചതിനാൽ ക്വാണ്ടസ് ചില ആഭ്യന്തര സർവീസുകളിൽ കുറവ് വരുത്തിയിട്ടുണ്ട്. മെയ്, ജൂൺ മാസങ്ങളിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള സർവീസുകളിലാണ് മാറ്റം വരുത്തിയത്. ഇതിനിടയിലാണ് അന്താരാഷ്ട്ര യാത്രക്കാരെ ആകർഷിക്കാനായി ഇത്രയും വലിയ നിരക്കിളവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.