ശമ്പള വർദ്ധനവും ജോലി സുരക്ഷയും; ക്വാണ്ടാസ് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാർ പണിമുടക്കിലേക്ക്

പ്രധാന അന്താരാഷ്ട്ര സർവീസുകൾ മുടങ്ങില്ലെന്നും സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും എയർലൈൻ മാനേജ്‌മെന്റ് അറിയിച്ചു
Qantas
Qantas Qantas
Published on

സിഡ്‌നി: മെച്ചപ്പെട്ട വേതനവും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ എയർലൈൻ കമ്പനിയായ ക്വാണ്ടാസിന്റെ റീജിയണൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാർ പണിമുടക്കിലേക്ക്. ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുത്ത 97 ശതമാനം ജീവനക്കാരും വ്യവസായ നടപടികൾക്ക് (Industrial action) അനുകൂലമായി വോട്ട് ചെയ്തു. ഒരു മണിക്കൂർ മുതൽ 24 മണിക്കൂർ വരെയുള്ള പണിമുടക്കുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്.

സമര തീയതി അന്തിമമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൂന്ന് ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി ജീവനക്കാർക്ക് ഏത് സമയത്തും പണിമുടക്കാവുന്നതാണ്. ക്വാണ്ടാസ് ഗ്രൗണ്ട് സർവീസസ് വഴി ജോലി ചെയ്യുന്ന കാഷ്വൽ, പാർട്ട് ടൈം ജീവനക്കാരാണ് സമരരംഗത്തുള്ളത്. ക്വാണ്ടാസ് ഫ്രൈറ്റ്, ക്യു-ലിങ്ക് (Q-Link) സർവീസുകളെയാകും സമരം ബാധിക്കുക. പ്രധാന അന്താരാഷ്ട്ര സർവീസുകൾ മുടങ്ങില്ലെന്നും സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും എയർലൈൻ മാനേജ്‌മെന്റ് അറിയിച്ചു. വിഷയം സംബന്ധിച്ച് സെപ്റ്റംബർ 18-ന് ഫെയർ വർക്ക് കമ്മീഷൻ മുൻപാകെ ഇരുപക്ഷവും വീണ്ടും ചർച്ച നടത്തും.

Metro Australia
maustralia.com.au