

സിഡ്നി: പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ബിഗ് ബജറ്റ് മലയാളചിത്രം ‘ഖലീഫ’ ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ചിത്രത്തിൽ അര ഡസനോളം ഓസ്‌ട്രേലിയൻ മലയാളികളും അഭിനയിച്ചിട്ടുണ്ടെന്ന പ്രത്യേകതയോടെയാണ് ഓസ്‌ട്രേലിയൻ മലയാളി സമൂഹം ചിത്രത്തെ കാത്തിരിക്കുന്നത്.
മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായ ‘പുലിമുരുകൻ’ സംവിധാനം ചെയ്ത വൈശാഖാണ് ‘ഖലീഫ’ ഒരുക്കുന്നത്. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടത്തിയ പ്രത്യേക ടാലന്റ് ഹണ്ടിലൂടെയാണ് ചിത്രത്തിലേക്ക് നിരവധി ഓസ്‌ട്രേലിയൻ അഭിനേതാക്കളെ തെരഞ്ഞെടുത്തത്.
Gold Coast Knights-ന്റെ പിന്തുണയോടെ RVR Group സംഘടിപ്പിച്ച ‘First Frame’ എന്ന ടാലന്റ് ഹണ്ടാണ് വൈശാഖിന്റെ നേതൃത്വത്തിൽ ഗോൾഡ് കോസ്റ്റിൽ നടന്നത്. ഓസ്‌ട്രേലിയയിൽ സിനിമാ അഭിനയത്തിലേക്ക് അവസരം തേടുന്ന നിരവധി മലയാളികൾക്ക് ഈ പരിപാടി മികച്ച വേദിയായി.
ഗോൾഡ് കോസ്റ്റ്, ബ്രിസ്‌ബേൻ, സിഡ്നി എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി മലയാളി പ്രതിഭകൾ ടാലന്റ് ഹണ്ടിൽ പങ്കെടുത്തു. ഇവരിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ‘ഖലീഫ’യിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.
ഓസ്‌ട്രേലിയൻ മലയാളികൾക്ക് വെള്ളിത്തിരയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കിയ ‘First Frame’ ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. തങ്ങളുടെ നാട്ടിൽ നിന്നുള്ള താരങ്ങൾ പൃഥ്വിരാജിനൊപ്പം സ്‌ക്രീനിലെത്തുന്നതിന്റെ ആവേശത്തിലാണ് ഓസ്‌ട്രേലിയൻ മലയാളി സമൂഹം.
ഇന്ന് ‘ഖലീഫ’ തിയേറ്ററുകളിലെത്തുമ്പോൾ, ഓസ്‌ട്രേലിയൻ മലയാളി അഭിനേതാക്കളുടെ പ്രകടനത്തിനും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.