യുറേനിയം കരാറും പ്രതിരോധ പങ്കാളിത്തവും; മോദി മെൽബണിലെത്തി, ഓസ്‌ട്രേലിയയുമായി നിർണ്ണായക ചർച്ചകൾ

ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് രാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിനായി ഓസ്‌ട്രേലിയയിലെ മെൽബണിൽ എത്തിച്ചേർന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി(DPR PMO/ANI Photo)(DPR PMO )
Published on

മെൽബൺ: ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് രാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിനായി ഓസ്‌ട്രേലിയയിലെ മെൽബണിൽ എത്തിച്ചേർന്നു. ഇന്ത്യയുടെ ആണവോർജ്ജ ഉൽപ്പാദന ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്ന യുറേനിയം വിതരണ കരാറും (Uranium Deal) സമുദ്ര സുരക്ഷ ശക്തമാക്കുന്ന പുതിയ പ്രതിരോധ കരാറുകളും ഈ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചകളിൽ ഈ തന്ത്രപ്രധാന തീരുമാനങ്ങൾക്ക് അന്തിമരൂപമാകും.

ലോകത്തിലെ ഏറ്റവും വലിയ യുറേനിയം നിക്ഷേപമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. 2014-ൽ ഒപ്പുവെച്ച സിവിൽ ആണവ കരാറിന്റെ തുടർച്ചയായി വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് യുറേനിയം ഇറക്കുമതി ചെയ്യാനുള്ള നിർണ്ണായക ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2047-ഓടെ ആണവോർജ്ജ ഉൽപ്പാദനം 100 ജിഗാവാട്ട് ആയി ഉയർത്താനും 18 പുതിയ ആണവ റിയാക്ടറുകൾ സ്ഥാപിക്കാനുമുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങൾക്ക് ഈ കരാർ വലിയ പിന്തുണയാകും. ഇതിനൊപ്പം ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷയ്ക്കായി ഇരുരാജ്യങ്ങളും ചേർന്ന് പുതിയ 'ജോയിന്റ് മാരിടൈം സെക്യൂരിറ്റി കൊളാബറേഷൻ റോഡ്‌മാപ്പ്' പുറത്തിറക്കും. 2009-ലെ സുരക്ഷാ സഹകരണ പ്രഖ്യാപനം ആധുനിക പ്രതിരോധ ആവശ്യങ്ങൾക്ക് അനുസൃതമായി പുതുക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

നയതന്ത്ര പ്രോട്ടോക്കോളുകൾ മറികടന്ന് ഓസ്‌ട്രേലിയൻ ഗവർണർ ജനറൽ സാം മോസ്റ്റിൻ കാൻബെറയിൽ നിന്നും മെൽബണിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കും. സന്ദർശന വേളയിൽ ഇന്ത്യ-ഓസ്‌ട്രേലിയ സിഇഒ ഫോറത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 2022-ലെ വ്യാപാര കരാറിന് ശേഷം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 4 ബില്യൺ ഡോളറിൽ നിന്നും 8.5 ബില്യൺ ഡോളറായി ഉയർന്നിരുന്നു. തുടർന്ന് മാർവൽ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രവാസി സംഗമത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് വൻ ജനക്കൂട്ടമാണ് ഈ പരിപാടിയിൽ പങ്കെടുക്കുക.

Metro Australia
maustralia.com.au