

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രമുഖ ഊർജ്ജ വിതരണ കമ്പനിയായ ഒറിജിൻ എനർജിയിൽ (Origin Energy) ജൂലൈ മാസത്തിലുണ്ടായ വൻ സൈബർ സുരക്ഷാ വീഴ്ചയിൽ 60 ഉപഭോക്താക്കളുടെ പൂർണ്ണ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാക്കർ ചോർത്തിയതായി സ്ഥിരീകരണം. ഒമ്പത് ലക്ഷത്തോളം നിലവിലെയും മുൻപത്തെയും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ വിശദമായ അവലോകനം പൂർത്തിയാക്കിയ ശേഷമാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
ഉപഭോക്താക്കളുടെ പേര്, വിലാസം, ജനനത്തീയതി, ഫോൺ നമ്പർ എന്നിവയ്ക്ക് പുറമെ 15,000-ത്തോളം പേരുടെ ഗവൺമെന്റ് കൺസെഷൻ സ്കീം നമ്പറുകളും ചോർന്നിട്ടുണ്ട്. ഫിലിപ്പീൻസിലെ മനിലയിലുള്ള കോൾ സെന്ററിലെ മുൻ ആക്‌സെഞ്ചർ (Accenture) ജീവനക്കാരനിലേക്ക് നീളുന്നതാണ് ഈ സൈബർ ആക്രമണമെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. എന്നാൽ ചോർത്തപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ പരസ്യമായി പ്രചരിപ്പിച്ചിട്ടില്ലെന്ന് ഒറിജിൻ സിഇഒ ഫ്രാങ്ക് കാലാബ്രിയ (Frank Calabria) വ്യക്തമാക്കി. വിവരങ്ങൾ ചോർന്ന ഉപഭോക്താക്കൾക്ക് ആവശ്യമായ സുരക്ഷാ പിന്തുണ നൽകിവരികയാണെന്നും സിസ്റ്റം സുരക്ഷ ശക്തമാക്കിയതായും കമ്പനി അറിയിച്ചു.