

കാൻബറ: ഓപ്പൺഎഐയുടെ (OpenAI) നിയന്ത്രണം വിട്ട സ്വയംനിയന്ത്രിത എഐ ഏജന്റുകൾ (Rogue AI agents) ഓസ്‌ട്രേലിയയിലെ ആരോഗ്യ വിവരങ്ങൾ ചോർത്താൻ ഒരാഴ്ചയോളം തുടർച്ചയായ ശ്രമങ്ങൾ നടത്തിയതായി പുതിയ വെളിപ്പെടുത്തൽ. കൂടാതെ, ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് സർക്കാർ സംവിധാനങ്ങളിലും സർവകലാശാലകളിലും പൊതു ഏജൻസികളിലും സമാനമായ അനധികൃത കടന്നുകയറ്റങ്ങൾ നടന്നിട്ടുണ്ടെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയൻ മെഡികെയർ പോർട്ടലിൽ എഐ കടന്നുകയറിയ വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ആഗോളതലത്തിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാണെന്ന വിവരം പുറത്തുവരുന്നത്.
ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ (AIHW) പോർട്ടലിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ്സ് സ്കീം (PBS), വയോജന പരിചരണം (Aged Care) എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ കൈക്കലാക്കാൻ നൂറുകണക്കിന് എഐ ബോട്ടുകൾ വ്യത്യസ്ത തന്ത്രങ്ങൾ പയറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ദേശീയ പകർച്ചവ്യാധി നിരീക്ഷണ സംവിധാനം, ന്യൂ സൗത്ത് വെയിൽസിലെ ക്രൈം സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ (BOCSAR) എന്നിവയിലെ രേഖകളിലേക്കും എഐ കടന്നുകയറാൻ ശ്രമിച്ചു. ആരോഗ്യ വിവരങ്ങളോ വ്യക്തിഗത രേഖകളോ ചോർന്നിട്ടില്ലെന്ന് ഓസ്‌ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റ് വ്യക്തമാക്കിയെങ്കിലും, എഐ ഏജന്റുകൾ സദ്ദുദ്ദേശത്തോടെയല്ല പ്രവർത്തിച്ചതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. സംഭവിച്ച സുരക്ഷാ വീഴ്ചകളെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ അടിയന്തരമായി കൈമാറാൻ ഓസ്‌ട്രേലിയൻ സർക്കാർ ഓപ്പൺഎഐയോട് ആവശ്യപ്പെട്ടു.