ഗ്യാസ് ഭീമന്മാരുടെ കള്ളക്കളിക്ക് പൂട്ടുവീഴും; NTയിൽ മാരക വാതകങ്ങൾ നിരീക്ഷിക്കാൻ പുതിയ നിയമം

ചരിത്രത്തിലാദ്യമായി ഇത്തരം വിഷവാതകങ്ങളെ നേരിട്ട് നിരീക്ഷിക്കാനും പൊതുജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാനുമുള്ള പുതിയ വായു ഗുണനിലവാര പരിശോധനാ പദ്ധതിയുമായി നോർത്തേൺ ടെറിട്ടറി സർക്കാർ രംഗത്തെത്തി.
ഗ്യാസ് ഭീമന്മാരുടെ കള്ളക്കളിക്ക് പൂട്ടുവീഴും; NTയിൽ മാരക വാതകങ്ങൾ നിരീക്ഷിക്കാൻ പുതിയ നിയമം
Published on

ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിലെ ഡാർവിൻ ഇച്ചിസ് എൽ.എൻ.ജി (Ichthys LNG) പ്ലാന്റിൽ നിന്നും പുറന്തള്ളുന്ന മാരകമായ വ്യാവസായിക വായു മലിനീകരണത്തിന്റെ അളവ് ഗ്യാസ് ഭീമനായ 'ഇൻപെക്‌സ്' (Inpex) വർഷങ്ങളായി വളരെ കുറച്ചാണ് കാണിച്ചിരുന്നതെന്ന് സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് പിന്നാലെ ചരിത്രത്തിലാദ്യമായി ഇത്തരം വിഷവാതകങ്ങളെ നേരിട്ട് നിരീക്ഷിക്കാനും പൊതുജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാനുമുള്ള പുതിയ വായു ഗുണനിലവാര പരിശോധനാ പദ്ധതിയുമായി നോർത്തേൺ ടെറിട്ടറി സർക്കാർ രംഗത്തെത്തി. ഇതിനായി എൻ.ടി എൻവയോൺമെന്റ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ അധികാരം വിപുലീകരിക്കുന്ന പുതിയ നിയമനിർമ്മാണം ഈ വർഷം അവസാനം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പരിസ്ഥിതി മന്ത്രി ജോഷ്വ ബർഗോയ്ൻ പ്രഖ്യാപിച്ചു.

നിലവിൽ ഓസോൺ, സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നിവ മാത്രമാണ് അതോറിറ്റി പരിശോധിക്കുന്നത്. ഗ്യാസ് ഉൽപ്പാദന വേളയിൽ പുറന്തള്ളപ്പെടുന്നതും മനുഷ്യശരീരത്തിന് കടുത്ത ഹാനികരവുമായ മറ്റ് വിഷവാതകങ്ങൾ കമ്പനികൾ സ്വയം കണക്കാക്കി റിപ്പോർട്ട് ചെയ്യുകയായിരുന്നു (Self-reporting) പതിവ്. ഈ ലൂപ്‌ഹോൾ മുതലെടുത്ത് 2023-24 വർഷത്തിൽ ഇൻപെക്‌സ് കമ്പനി തങ്ങൾ വെറും 4 ടൺ ബെൻസീൻ മാത്രമാണ് പുറന്തള്ളിയതെന്ന് റിപ്പോർട്ട് നൽകി. എന്നാൽ പിന്നീട് നടത്തിയ പരിശോധനകളിൽ ഇത് 500 ടണ്ണിലധികം ആണെന്ന് തിരുത്തേണ്ടി വന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ വായു പരിശോധനാ സംവിധാനങ്ങൾക്കായി വരുന്ന 2 മില്യൺ ഡോളറിന്റെ ചിലവ് മലിനീകരണം ഉണ്ടാക്കുന്ന വൻകിട കമ്പനികളിൽ നിന്ന് തന്നെ ഈടാക്കിക്കൊണ്ട് സർക്കാർ നേരിട്ട് രംഗത്തിറങ്ങുന്നത്.

ക്യാൻസറിന് കാരണമാകുന്ന 'ബെൻസീൻ' പ്രധാന നിരീക്ഷണത്തിൽ:

ദ്രവീകൃത പ്രകൃതി വാതക ഖനന പ്രക്രിയയുടെ ഉപോൽപ്പന്നമായി പുറത്തുവരുന്ന വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ടുകൾ കേന്ദ്രീകരിച്ചായിരിക്കും പുതിയ പരിശോധനകൾ. ഇതിൽ പ്രധാനമായും ക്യാൻസറിന് കാരണമാകുന്ന കാർസിനോജൻ അടങ്ങിയ ബെൻസീൻ (Benzene), ശ്വാസകോശ വ്യവസ്ഥയെ തകിടം മറിക്കുന്ന സൾഫർ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവ ഉൾപ്പെടുന്നു. ബെൻസീൻ വായുവിൽ കലരുന്നത് വഴി കാഴ്ചശക്തി കുറയൽ, തലകറക്കം, ഛർദ്ദി, മനുഷ്യന്റെ പ്രതിരോധ ശേഷി തകരൽ തുടങ്ങിയ കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് പരിസ്ഥിതി വകുപ്പ് വ്യക്തമാക്കുന്നു. നിലവിൽ ഡാർവിനിലെ വായു സുരക്ഷിതമാണെന്ന് ചീഫ് ഹെൽത്ത് ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, മിഡിൽ ആം വ്യവസായ മേഖല കൂടുതൽ വികസിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതെന്ന് സർക്കാർ അറിയിച്ചു. വൈകിയാണെങ്കിലും സർക്കാരിന്റെ ഈ തീരുമാനത്തെ നാട്ടുകാരും പ്രാദേശിക സന്നദ്ധ പ്രവർത്തകരും സ്വാഗതം ചെയ്തിട്ടുണ്ട്.

Metro Australia
maustralia.com.au