

ഡാർവിൻ: ഫെഡറൽ എംപി ലൂക്ക് ഗോസ്ലിംഗിനെതിരെയുള്ള ആക്രമണക്കേസിൽ വിചാരണ നടത്താൻ സിഡ്നിയിൽ നിന്നുള്ള പ്രമുഖ മുതിർന്ന അഭിഭാഷക (Senior Counsel) സോഫി കല്ലനെ ചുമതലപ്പെടുത്തി നോർത്തേൺ ടെറിട്ടറി ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസ് (NTDPP). താൽപ്പര്യ വൈരുദ്ധ്യം (Conflict of Interest) ഒഴിവാക്കാനാണ് കേസ് കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്വതന്ത്ര അഭിഭാഷകയെ പ്രോസിക്യൂഷൻ നിയോഗിച്ചത്.
കഴിഞ്ഞ ജൂലൈയിൽ നടന്ന നോർത്തേൺ ടെറിട്ടറി തായ് ഗ്രാൻഡ് ഫെസ്റ്റിവലിനിടെ എൻ.ടി അഡ്മിനിസ്ട്രേറ്റർ ഡേവിഡ് കൊണോലിയെ ആക്രമിച്ചെന്ന ആരോപണത്തിലാണ് സോളമൻ മണ്ഡലത്തിൽ നിന്നുള്ള എംപിയായ ലൂക്ക് ഗോസ്ലിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. എൻ.ടി അഡ്മിനിസ്ട്രേറ്റർ എന്നത് ഗവർണർക്ക് തുല്യമായ പദവിയാണ്. തനിക്കെതിരെയുള്ള രണ്ട് ആക്രമണ കേസുകളിലെയും ആരോപണങ്ങൾ നിഷേധിച്ച ലൂക്ക് ഗോസ്ലിംഗ്, വിഷയത്തിൽ നിയമപോരാട്ടം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ, കേസ് ഏറ്റെടുക്കാൻ കോമൺവെൽത്ത് ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസ് (CDPP) വിസമ്മതിച്ചിരുന്നു. തുടർന്നാണ് കേസ് സോഫി കല്ലന് കൈമാറാൻ എൻ.ടി.ഡി.പി.പി തീരുമാനിച്ചത്. മുൻ ന്യൂ സൗത്ത് വെയിൽസ് രാഷ്ട്രീയക്കാരായ ഇയാൻ മക്ഡൊണാൾഡ്, എഡ്ഡി ഒബീദ് എന്നിവർക്കെതിരായ അഴിമതിക്കേസുകളിലും ലിൻഡ് കഫേ ഉപരോധ അന്വേഷണത്തിലും ഹാജരായി പരിചയസമ്പത്തുള്ള അഭിഭാഷകയാണ് സോഫി കല്ലൻ.
ആക്രമണക്കേസിന് പുറമെ, ഓഗസ്റ്റ് 14-ന് ജാമ്യവ്യവസ്ഥ ലംഘിച്ചതിനും ഗോസ്ലിംഗിനെതിരെ കേസെടുത്തിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ ഔദ്യോഗിക വസതിയായ ഗവൺമെന്റ് ഹൗസിന്റെ 50 മീറ്റർ പരിധിയിൽ പ്രവേശിക്കരുതെന്നും അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങുകളിൽ നിന്നും 15 മീറ്റർ അകലം പാലിക്കണമെന്നുമായിരുന്നു ജാമ്യവ്യവസ്ഥ. എന്നാൽ ആഗസ്റ്റ് 14-ന് അഡ്മിനിസ്ട്രേറ്റർ പങ്കെടുത്ത ഒരു ചടങ്ങിലും എംപി പങ്കെടുത്തിട്ടില്ലെന്നും, ജാമ്യലംഘനക്കേസിനെതിരെയും നിയമപോരാട്ടം നടത്തുമെന്നും ഗോസ്ലിംഗിന്റെ വക്താവ് അറിയിച്ചു. കേസ് സർക്കാരിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പ്രതിരോധ, പൂർവ്വ സൈനിക ക്ഷേമ കാര്യങ്ങൾക്കായുള്ള പ്രത്യേക ദൂതൻ (Special envoy) പദവിയിൽ നിന്ന് ഗോസ്ലിംഗ് താൽക്കാലികമായി മാറിനിന്നിരുന്നു. കേസ് നാളെ ഡാർവിൻ ലോക്കൽ കോടതി വീണ്ടും പരിഗണിക്കും.