

ഡാർവിൻ: റോയൽ ഡാർവിൻ ആശുപത്രിയിൽ (Royal Darwin Hospital - RDH) ചികിത്സയിലായിരുന്ന പന്ത്രണ്ടോളം ഗർഭിണികളുടെ അതീവ രഹസ്യമായ മെഡിക്കൽ വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയ സംഭവത്തിൽ ആശുപത്രി അധികൃതർ പരസ്യമായി മാപ്പപേക്ഷിച്ചു. ആശുപത്രിയുടെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ 'മെഡിക്കൽ ഒബ്സർവർ' ആയി പ്രവർത്തിച്ചിരുന്ന വിദേശത്തുനിന്ന് പരിശീലനം നേടിയ ഡോക്ടർ നേദ മൊഗാരെഹാബെദ് (Dr Neda Mogharehabed) ആണ് തന്റെ 28,000 ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ രോഗികളുടെ വിവരങ്ങൾ അടങ്ങിയ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തത്.
രോഗികളുടെ പേര്, ഹോസ്പിറ്റൽ റെക്കോർഡ് നമ്പർ, വാർഡ്-ബെഡ് നമ്പർ, പരിശോധന നടത്തിയ ഡോക്ടറുടെ പേര്, രോഗവിവരങ്ങൾ, മെഡിക്കൽ ഹിസ്റ്ററി, ചികിത്സാ പദ്ധതികൾ എന്നിവ ഉൾപ്പെടുന്ന 'ഹാൻഡ്ഓവർ ഷീറ്റ്' ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ വ്യക്തമായി കാണാമായിരുന്നു. ഇതിനുപുറമെ, ഒരു സ്ത്രീയുടെ ചികിത്സയെക്കുറിച്ച് ആരോഗ്യപ്രവർത്തകർ ചർച്ച ചെയ്യുന്ന സ്റ്റാഫ് മീറ്റിംഗിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ ഇവരെ ആശുപത്രിയിൽ നിന്ന് പുറത്താക്കിയതായി എൻടി ഹെൽത്ത് (NT Health) അറിയിച്ചു. അതേസമയം, ചിത്രങ്ങൾ എങ്ങനെയാണ് പോസ്റ്റ് ചെയ്യപ്പെട്ടതെന്ന് തനിക്കറിയില്ലെന്നും തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടായേക്കാമെന്നുമാണ് ഡോക്ടറുടെ വിശദീകരണം.
വ്യക്തിവിവരങ്ങൾ ചോർന്നവരിൽ എബിസി റേഡിയോ ഡാർവിൻ പ്രൊഡ്യൂസറും 17 ആഴ്ച ഗർഭിണിയുമായ ഷാനെല്ലെ ടോബിനും ഉൾപ്പെടുന്നു. മുൻ ഗർഭധാരണ വിവരങ്ങൾ, പ്രത്യുത്പാദന ആരോഗ്യ പ്രശ്നങ്ങൾ, ഗാർഹിക പീഡന അനുഭവങ്ങൾ തുടങ്ങിയ അതീവ സ്വകാര്യ വിവരങ്ങളാണ് ഇത്തരത്തിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യമാക്കപ്പെട്ടത്. രോഗികളുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നതിൽ ആശുപത്രി വരുത്തിയ ഗുരുതരമായ വീഴ്ചയാണിതെന്നും സോഷ്യൽ മീഡിയ ഉപയോഗത്തിലും രോഗികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിലും ജീവനക്കാർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ഈ സംഭവം ഒരു മുന്നറിയിപ്പാകണമെന്നും ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ (AMA) വ്യക്തമാക്കി.