സ്വയംരക്ഷയ്ക്ക് പെപ്പർ സ്പ്രേ; NT യിലെ പരീക്ഷണ പദ്ധതിയിൽ വാങ്ങിയത് 3,700-ലധികം ആളുകൾ

വെസ്റ്റേൺ ഓസ്‌ട്രേലിയയ്ക്ക് പുറമെ പൊതുജനങ്ങൾക്ക് പെപ്പർ സ്പ്രേ വാങ്ങാനും ഉപയോഗിക്കാനും നിയമപരമായ അനുമതിയുള്ള ഏക ഓസ്‌ട്രേലിയൻ മേഖലയാണ് നോർത്തേൺ ടെറിട്ടറി.
സ്വയംരക്ഷയ്ക്ക് പെപ്പർ സ്പ്രേ; NT യിലെ പരീക്ഷണ പദ്ധതിയിൽ വാങ്ങിയത് 3,700-ലധികം ആളുകൾ
ABC News: Matilda Colling
Published on: 

ഡാർവിൻ: വ്യക്തിഗത സുരക്ഷയ്ക്കായി പെപ്പർ സ്പ്രേ (Oleoresin Capsicum - OC spray) കൈവശം വെക്കാൻ അനുമതി നൽകുന്ന നോർത്തേൺ ടെറിട്ടറി സർക്കാരിന്റെ പരീക്ഷണ പദ്ധതിയിൽ ഇതുവരെ 3,714 പേർ സ്പ്രേ വാങ്ങിയതായി പുതിയ പോലീസ് കണക്കുകൾ. 2025 സെപ്റ്റംബറിൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം ആകെ 5,882 പെപ്പർ സ്പ്രേ കാനിസ്റ്ററുകളാണ് വിറ്റഴിഞ്ഞത്. ഓഗസ്റ്റിൽ അവസാനിക്കേണ്ടിയിരുന്ന പരീക്ഷണ കാലാവധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. വെസ്റ്റേൺ ഓസ്‌ട്രേലിയയ്ക്ക് പുറമെ പൊതുജനങ്ങൾക്ക് പെപ്പർ സ്പ്രേ വാങ്ങാനും ഉപയോഗിക്കാനും നിയമപരമായ അനുമതിയുള്ള ഏക ഓസ്‌ട്രേലിയൻ മേഖലയാണ് നോർത്തേൺ ടെറിട്ടറി.

ആദ്യ 12 മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി തയ്യാറാക്കിയ അവലോകന റിപ്പോർട്ട് ചീഫ് മിനിസ്റ്ററുടെ വകുപ്പിന് സമർപ്പിച്ചു. പരീക്ഷണ കാലയളവിൽ ഒമ്പത് തവണ മാത്രമാണ് പെപ്പർ സ്പ്രേ പ്രയോഗിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ഇതിൽ മൂന്നെണ്ണം മാത്രമാണ് പ്രതിരോധ ആവശ്യത്തിനല്ലാതെ നിയമവിരുദ്ധമായി ഉപയോഗിച്ചതെന്നും പോലീസ് വ്യക്തമാക്കി. നിബന്ധനകൾ ലംഘിച്ച് വാങ്ങാൻ ശ്രമിച്ച 46 പേരെ തിരിച്ചറിയുകയും 69 കാനുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ സത്യവാങ്മൂലം നൽകിയതിനും അനധികൃതമായി കൈവശം വെച്ചതിനും എട്ട് പേർക്കെതിരെ കേസെടുത്തു. 18 വയസ്സിന് മുകളിലുള്ള, ക്രിമിനൽ പശ്ചാത്തലമില്ലാത്തവർക്കാണ് ഇത് വാങ്ങാൻ അനുമതിയുള്ളത്. രാവിലെയോ വൈകുന്നേരങ്ങളിലോ നടക്കാനിറങ്ങുമ്പോഴുള്ള സുരക്ഷിതത്വത്തിനായി 20 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് പെപ്പർ സ്പ്രേ വാങ്ങുന്നവരിൽ ബഹുഭൂരിപക്ഷവുമെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. പദ്ധതി 98 ശതമാനത്തിലധികം വിജയകരമാണെന്ന് പോലീസും വിലയിരുത്തി.

Metro Australia
maustralia.com.au