
ഓസ്ട്രേലിയയിലേക്ക് സമീപഭാവിയിൽ കുടിയേറാൻ പദ്ധതിയുള്ളവർക്ക് സന്തോഷവാർത്ത. ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ പ്രദേശത്തിന്റെ വളരുന്ന തൊഴിൽശേഷി ആവശ്യങ്ങൾ നിറവേറ്റാൻ കൂടുതൽ പ്രാവീണ്യമുള്ള കുടിയേറ്റക്കാരെ (skilled migrants) ആവശ്യമാണെന്ന് സർക്കാർ അറിയിച്ചു.
2025 മുതൽ 2029 വരെ നോര്‍ത്തേൺ ടെറിട്ടറിയുടെ സമ്പദ്‌വ്യവസ്ഥ 18.4% വളർച്ച നേടുമെന്നാണാണ് പ്രവചനം. ഇതിലേക്കായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 14,000-ത്തിലധികം പുതിയ തൊഴിലാളികളെ വേണ്ടിവരും.
കഴിഞ്ഞ ആഴ്ച മെൽബണിൽ നടന്ന മിനിസ്റ്റീരിയൽ മൈഗ്രേഷൻ റൗണ്ട്ടേബിൾ യോഗത്തിൽ അന്താരാഷ്ട്ര വിദ്യാഭ്യാസം, മൈഗ്രേഷൻ, ജനസംഖ്യ മന്ത്രിയായ റോബിൻ കാഹിൽ ഇക്കാര്യം സംസാരിച്ചത്. ഓസ്‌ട്രേലിയയിലെ വിവിധ മേഖലകളിലെ നേതാക്കളെ ഒന്നിപ്പിച്ച ഈ യോഗത്തിൽ കുടിയേറ്റ പദ്ധതികളും നയങ്ങളും ചർച്ച ചെയ്തു.
യോഗത്തിൽ ഫെഡറൽ സർക്കാർ സ്കിൽഡ് മൈഗ്രന്‍റ് സ്ഥാനങ്ങളുടെ സംസ്ഥാന-ടെറിട്ടറി വിതരണവുമായി ബന്ധപ്പെട്ട സ്ഥിരീകരണപ്രക്രിയ വേഗത്തിലാക്കണമെന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോർത്തേൺ ടെറിട്ടറിക്ക് കൂടുതലായ വിഹിതം അനുവദിക്കണമെന്നും മന്ത്രി കാഹിൽ ആവശ്യപ്പെട്ടു.
കൂടാതെ, എൻടി സർക്കാർ അടുത്ത രണ്ട് വർഷത്തേക്ക് പ്രതിവർഷം 2 മില്യൺ ഡോളറിന്റെ ഒരു പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. വൈദഗ്ധ്യമുള്ള തൊഴിലാളികളെയും അന്താരാഷ്ട്ര വിദ്യാർത്ഥികളെയും ആകർഷിക്കുന്നതിനും, തൊഴിൽ ശക്തിയെ വികസിപ്പിക്കുന്നതിനും, തൊഴിലുടമകളെ ജീവനക്കാരെ നിലനിർത്താൻ സഹായിക്കുന്നതിനും, വിസ അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിനും ഈ ഫണ്ടിംഗ് സഹായിക്കും.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി, നോർത്തേൺ ടെറിറ്ററിയിൽ പഠനം, ജോലി, താമസം എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു. തൊഴിലാളി ക്ഷാമം നികത്തുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ വളർത്തുകയും ചെയ്യാൻ നോർത്തേൺ ടെറിട്ടറി സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.