പാരാമെഡിക്കൽ ജീവനക്കാർക്ക് നേരെ കടുത്ത അക്രമം;നോർത്തേൺ ടെറിട്ടറിയിൽ ബോഡി ക്യാമറകൾ സ്ഥാപിക്കാൻ നീക്കം

ആലീസ് സ്പ്രിങ്സ് പോലുള്ള റീജിയണൽ മേഖലകളിൽ പാരാമെഡിക്കുകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ കഴിഞ്ഞ കുറച്ചുകാലമായി 30 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പാരാമെഡിക്കൽ ജീവനക്കാർക്ക് നേരെ കടുത്ത അക്രമം
പാരാമെഡിക്കൽ ജീവനക്കാർക്ക് നേരെ കടുത്ത അക്രമംABC News: Xavier Martin
Published on

ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിലെ മുൻനിര ആരോഗ്യ പ്രവർത്തകർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനായി വസ്ത്രങ്ങളിൽ ധരിക്കാവുന്ന 'ബോഡി ക്യാമറകൾ' ഉൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആലോചിക്കുന്നതായി സെന്റ് ജോൺ അംബുലൻസ് അധികൃതർ വ്യക്തമാക്കി. ആലീസ് സ്പ്രിങ്സ് പോലുള്ള റീജിയണൽ മേഖലകളിൽ പാരാമെഡിക്കുകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ കഴിഞ്ഞ കുറച്ചുകാലമായി 30 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആഴ്ചയിൽ ശരാശരി മൂന്ന് മുതൽ നാല് തവണ വരെ ജീവനക്കാർ ജോലിസ്ഥലത്ത് ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ.

ആലീസ് സ്പ്രിങ്സിൽ കഴിഞ്ഞ മൂന്ന് വർഷമായി പാരാമെഡിക്കായി ജോലി ചെയ്യുന്ന ഇമോഗൻ ബ്രാഡ്‌ബറി = തങ്ങൾ നേരിടുന്ന കടുത്ത തൊഴിൽ സാഹചര്യങ്ങൾ വെളിപ്പെടുത്തി. രോഗികളിൽ നിന്നും അവരുടെ കൂടെയുള്ളവരിൽ നിന്നും ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ പതിവാണെന്നും, പലപ്പോഴും ജീവൻ രക്ഷിക്കാനായി സഹപ്രവർത്തകർക്കും രോഗികൾക്കുമൊപ്പം അംബുലൻസിനുള്ളിൽ കയറി വാതിലുകൾ പൂട്ടിയിരിക്കേണ്ടി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. തുപ്പുക, അടിക്കുക, വധഭീഷണി മുഴക്കുക തുടങ്ങിയ ക്രൂരമായ പെരുമാറ്റങ്ങളാണ് തങ്ങൾക്ക് നേരിടേണ്ടി വരുന്നത്. അടുത്തിടെ കുറ്റാരോപിതനായ ഒരു പ്രതിയുടെ അറസ്റ്റിനെത്തുടർന്ന് ആലീസ് സ്പ്രിങ്സ് ആശുപത്രിക്ക് മുന്നിൽ നടന്ന കലാപത്തിൽ നിരവധി അംബുലൻസുകൾ തകർക്കപ്പെടുകയും പാരാമെഡിക്കുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇത്തരം ക്രൂരമായ ആക്രമണങ്ങൾ കാരണം പാരാമെഡിക്കൽ രംഗത്തുനിന്നും ജീവനക്കാർ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ചു പോകുന്നത് സർവീസിനെ ദോഷകരമായി ബാധിക്കുന്നതായി സെന്റ് ജോൺ ചീഫ് എക്സിക്യൂട്ടീവ് അബിഗെയ്ൽ ട്രെവിൻ = പറഞ്ഞു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വിദഗ്ദ്ധ സമിതിയെക്കൊണ്ട് പ്രത്യേക അവലോകനം നടത്തിച്ചിട്ടുണ്ടെന്നും, അംബുലൻസിനുള്ളിൽ പ്രത്യേക മിററുകൾ സ്ഥാപിക്കുന്നത് മുതൽ ബോഡി ക്യാമറകൾ വരെയുള്ള എല്ലാ നിർദ്ദേശങ്ങളും പരിഗണനയിലാണെന്നും അവർ കൂട്ടിച്ചേർത്തു. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ക്യാമറകൾ സഹായിക്കുമെങ്കിലും, മുൻനിര ജീവനക്കാരെ ആക്രമിക്കുന്ന ശീലം പൊതുസമൂഹം അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പാരാമെഡിക്കുകളെ ആക്രമിക്കുന്നവർക്ക് കുറഞ്ഞത് മൂന്ന് മാസമെങ്കിലും നിർബന്ധിത തടവ് ശിക്ഷ ഉറപ്പാക്കുന്ന കടുത്ത നിയമ നിർമ്മാണം നടത്തിയിട്ടുണ്ടെന്നും, ആക്രമണങ്ങൾ ഭയക്കാതെ ജീവനക്കാർ കൃത്യമായി പരാതി നൽകാൻ മുന്നോട്ട് വരണമെന്നും എൻ.ടി ആരോഗ്യ മന്ത്രി സ്റ്റീവ് എഡ്ജിംഗ്ടൺ വ്യക്തമാക്കി.

Metro Australia
maustralia.com.au