

ഡാർവിൻ: റോയൽ ഡാർവിൻ ആശുപത്രിയിൽ മെഡിക്കൽ ഒബ്‌സർവറായി എത്തിയ ഡോക്ടർ ഗർഭിണികളുടെ വ്യക്തിഗത വിവരങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പരസ്യപ്പെടുത്തിയ സംഭവത്തിൽ മുൻ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ് നോർത്തേൺ ടെറിട്ടറി ആരോഗ്യവകുപ്പ്. അഞ്ച് രോഗികളുടെ വിവരങ്ങൾ മാത്രമാണ് ചോർന്നതെന്നായിരുന്നു നേരത്തെ എൻടി ഹെൽത്ത് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഏഴ് രോഗികളുടെ കൂടി വിവരങ്ങൾ ചോർന്നതായി ഐസിടി പരിശോധനയിൽ കണ്ടെത്തിയെന്നും ഇവരെ വിവരമറിയിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ 12 മുതൽ 14 വരെ ആശുപത്രി സന്ദർശിച്ച വിദേശ പരിശീലനം ലഭിച്ച ഡോക്ടർ നേദ മൊഗാരെഹാബെദ് (Dr Neda Mogharehabed) തന്റെ 28,000 ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് രോഗികളുടെ പേരുകൾ, ഐഡി നമ്പറുകൾ, മെഡിക്കൽ ഹിസ്റ്ററി എന്നിവയടങ്ങിയ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തത്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ തങ്ങളെ ബന്ധപ്പെട്ടിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും ബാധിക്കപ്പെട്ട സ്ത്രീകൾ വെളിപ്പെടുത്തിയതോടെയാണ് ആരോഗ്യവകുപ്പ് കൂടുതൽ രോഗികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് തുറന്നുസമ്മതിക്കാൻ നിർബന്ധിതമായത്.
സംഭവത്തിൽ ക്രിമിനൽ കുറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കേസ് എൻടി ഇൻഫർമേഷൻ കമ്മീഷണർക്കും എൻടി പോലീസിനും കൈമാറിയതായി ആരോഗ്യ മന്ത്രി സ്റ്റീവ് എഡ്ജിംഗ്ടൺ വ്യക്തമാക്കി. കൂടാതെ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രിയിലെ 'മെഡിക്കൽ ഒബ്‌സർവർ പ്രോഗ്രാം' താൽക്കാലികമായി നിർത്തിവെച്ചതായും അദ്ദേഹം അറിയിച്ചു. ഡാർവിനിലെ ഏക മറ്റേണിറ്റി കെയർ കേന്ദ്രത്തിൽ നിന്നുണ്ടായ ഈ ഗുരുതരമായ വീഴ്ച അമ്മമാർക്കിടയിൽ കടുത്ത ആശങ്കയും രോഷവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.