

ഡാർവിൻ: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി (NT) സർക്കാരിന്റെ മുഴുവൻ വകുപ്പുകളുടെയും പ്രവർത്തനങ്ങളെ നിശ്ചലമാക്കി വൻ നെറ്റ്‌വർക്ക് തകരാർ. പുലർച്ചെ മൂന്ന് മണിയോടെ ആരംഭിച്ച നെറ്റ്‌വർക്ക് സ്തംഭനം ആശുപത്രികൾ, പോലീസ്, വിദ്യാഭ്യാസം, ഭവന നിർമ്മാണം തുടങ്ങി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ സർക്കാർ ഏജൻസികളുടെയും ഡിജിറ്റൽ സംവിധാനങ്ങളെ ബാധിച്ചു. സർക്കാരിന്റെ പ്രധാന 'കോർ ഐടി ഗേറ്റ്‌വേ'യിലുണ്ടായ തകരാറാണ് ഇതിന് കാരണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ചീഫ് മിനിസ്റ്റർ ലിയ ഫിനോച്ചിയാരോ വ്യക്തമാക്കി.
അടിയന്തര സഹായ നമ്പറായ 'ട്രിപ്പിൾ സീറോ' (000) പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ടില്ലെന്ന് രാവിലെ അറിയിച്ചിരുന്നെങ്കിലും, മൂന്ന് അടിയന്തര കോളുകൾ കൃത്യസമയത്ത് അറ്റൻഡ് ചെയ്യാൻ സാധിച്ചില്ലെന്ന് ഉച്ചയോടെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടെറി ഷാങ് സ്ഥിരീകരിച്ചു. ടെൽസ്ട്ര വഴി കൈമാറിയ ഈ കോളുകൾ പിന്തുടർന്ന് പരിശോധിച്ചതിൽ അടിയന്തര അപകടസാധ്യതകളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പോലീസിന്റെ നോൺ-എമർജൻസി ലൈനുകൾ ദിവസം മുഴുവൻ തടസ്സപ്പെട്ടു. ആശുപത്രികളിലെ ക്ലിനിക്കൽ സംവിധാനങ്ങൾ പ്രവർത്തനരഹിതമായതോടെ ആരോഗ്യപ്രവർത്തകർ നേരിട്ട് നിയന്ത്രിക്കുന്ന തുടർനടപടി പ്ലാനുകളിലേക്ക് മാറേണ്ടി വന്നു.
ഇതൊരു സൈബർ ആക്രമണമോ ഹാക്കിംഗോ അല്ലെന്നും തികച്ചും ആഭ്യന്തരമായ സാങ്കേതിക തകരാറാണെന്നും കോർപ്പറേറ്റ് ആൻഡ് ഡിജിറ്റൽ ഡെവലപ്‌മെന്റ് വകുപ്പ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഗ്രെഗ് കോണേഴ്‌സ് വ്യക്തമാക്കി. നാൽപ്പതോളം വിദഗ്ദ്ധരടങ്ങുന്ന സംഘം നടത്തിയ പരിശോധനയ്ക്കൊടുവിൽ പ്രശ്നത്തിന്റെ ഉറവിടം കണ്ടെത്തുകയും വൈകുന്നേരത്തോടെ ബദൽ മാർഗ്ഗങ്ങളിലൂടെ സംവിധാനങ്ങൾ പൂർവസ്ഥിതിയിലാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.