

ഡാർവിൻ: നോർത്തേൺ ടെറിട്ടറിയിൽ പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തിൽ അടിയന്തര സഹായത്തിനായി സൈന്യത്തെ വിന്യസിക്കാൻ ഫെഡറൽ സർക്കാർ അനുമതി നൽകി. ഡാലി റിവർ (Daly River) ഉൾപ്പെടെയുള്ള പ്രദേശങ്ങൾ റെക്കോർഡ് പ്രളയത്തിൽ മുങ്ങിയിരിക്കുകയാണ്. പലയിടങ്ങളിലും വീടുകളുടെ മേൽക്കൂര വരെ വെള്ളത്തിനടിയിലായി. കാതറിൻ (Katherine) മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി തിങ്കളാഴ്ച മുതൽ സൈനികർ എത്തും. പ്രളയക്കെടുതിയിൽ ഏകദേശം കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും കേന്ദ്ര സഹായം തേടി താൻ കാൻബറയിലേക്ക് പോകുകയാണെന്നും മുഖ്യമന്ത്രി ലിയ ഫിനോച്ചിയാരോ അറിയിച്ചു.
നിലവിൽ ഡാലി റിവറിലെ എല്ലാ താമസക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നദിയിലെ ജലനിരപ്പ് 16.38 മീറ്റർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയതാണ് ഇവിടുത്തെ എല്ലാ കെട്ടിടങ്ങളും വെള്ളത്തിനടിയിലാകാൻ കാരണമായത്. അതേസമയം, ആലീസ് സ്പ്രിംഗ്‌സ് (Alice Springs) ഉൾപ്പെടെയുള്ള മധ്യ ഓസ്‌ട്രേലിയൻ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രളയസാധ്യത മുന്നിൽക്കണ്ട് മണൽച്ചാക്കുകൾ വിതരണം ചെയ്യുന്നതടക്കമുള്ള മുൻകരുതൽ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
പ്രളയത്തെത്തുടർന്ന് കുടിവെള്ള വിതരണം തടസ്സപ്പെട്ട ഡാർവിൻ റിവർ ഡാം (Darwin River Dam) ശനിയാഴ്ചയോടെ സാധാരണ നിലയിലായി. മേഖലയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രളയബാധിതർക്കായി ഇതുവരെ 1.5 ദശലക്ഷം ഡോളറിന്റെ സഹായധനം വിതരണം ചെയ്തതായും സർക്കാർ അറിയിച്ചു. റോഡുകൾ തകർന്നതും പാലങ്ങൾ ഒലിച്ചുപോയതും പല ഉൾനാടൻ ഗ്രാമങ്ങളെയും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ശുചീകരണ പ്രവർത്തനങ്ങളിൽ സൈന്യത്തോടൊപ്പം തടവുപുള്ളികളെയും നിയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.