

മെൽബൺ: ഇന്ധന കയറ്റുമതി പൂർണ്ണമായും നിർത്താൻ ചൈന തങ്ങളുടെ റിഫൈനറികൾക്ക് നിർദ്ദേശം നൽകിയത് ഓസ്‌ട്രേലിയൻ വിമാനയാത്രക്കാരെ ആശങ്കയിലാക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം കുറഞ്ഞതാണ് ചൈനയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഓസ്‌ട്രേലിയയിലേക്ക് അയക്കേണ്ടിയിരുന്ന രണ്ട് ഇന്ധന കപ്പലുകൾ ഇതോടെ അനിശ്ചിതത്വത്തിലായി. ജെറ്റ് ഫ്യൂവൽ അഥവാ വിമാന ഇന്ധനത്തിനായി ചൈനയെയും മറ്റ് ഏഷ്യൻ രാജ്യങ്ങളെയും അമിതമായി ആശ്രയിക്കുന്ന ഓസ്‌ട്രേലിയയ്ക്ക് ഈ നീക്കം വലിയ തിരിച്ചടിയാണ്.
ഓസ്‌ട്രേലിയയിലെ പ്രധാന വിമാനത്താവളമായ സിഡ്‌നി പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെയാണ് ആശ്രയിക്കുന്നത്. അവിടെ സ്വന്തമായി റിഫൈനറികൾ ഇല്ലെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. 2025-ൽ ഓസ്‌ട്രേലിയയുടെ വിമാന ഇന്ധനത്തിന്റെ 32 ശതമാനവും ചൈനയിൽ നിന്നാണ് എത്തിയത്. ചൈന കയറ്റുമതി നിർത്തിയതോടെ ഇന്ത്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെങ്കിലും, യുദ്ധം മൂലം ഈ രാജ്യങ്ങളും വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം. നിലവിൽ ഓസ്‌ട്രേലിയയുടെ കൈവശം ഏകദേശം 29 മുതൽ 32 ദിവസത്തേക്കുള്ള ഇന്ധന ശേഖരം (802 ദശലക്ഷം ലിറ്റർ) മാത്രമാണുള്ളത്.
ഇന്ധന വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വിമാനത്താവളങ്ങളിലെ സ്റ്റോക്ക് തീരും. അങ്ങനെയുണ്ടായാൽ വാണിജ്യ വിമാനങ്ങൾ റദ്ദാക്കാനും അടിയന്തര-സൈനിക ആവശ്യങ്ങൾക്കായി ഇന്ധനം റേഷൻ ചെയ്യാനും അധികൃതർ നിർബന്ധിതരാകും. നിലവിൽ ക്വാണ്ടാസ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വിമാനങ്ങൾ റദ്ദാക്കിയിട്ടില്ല. എന്നാൽ മാർച്ചിന് ശേഷവും ഇന്ധനം എത്തിയില്ലെങ്കിൽ സർവീസുകളെ ബാധിക്കുമെന്ന് ഉറപ്പാണ്. അന്താരാഷ്ട്ര എനർജി ഏജൻസിയുടെ നിർദ്ദേശപ്രകാരം ആഗോളതലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ധനശേഖരം വിപണിയിലിറക്കി വില നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.