

ഡാർവിൻ: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ (Public Private Partnership - PPP) 1,200 കിടക്കകളുള്ള പുരുഷന്മാർക്കായുള്ള പുതിയ റിമാൻഡ്-ഇൻടേക്ക് ജയിൽ നിർമ്മിക്കാൻ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ഡാർവിൻ നഗരപ്രാന്തത്തിലുള്ള ഹോൾട്‌സിലെ (Holtze) ഡാർവിൻ കറക്ഷണൽ പ്രിസിൻക്റ്റിനോട് (DCP) ചേർന്നാണ് ഈ സ്വകാര്യ ജയിലും, സർക്കാർ നേരിട്ട് നിർമ്മിച്ച് നിയന്ത്രിക്കുന്ന 200 കിടക്കകളുള്ള വനിതാ ജയിലും സ്ഥാപിക്കുക.
2030-കളുടെ തുടക്കത്തോടെ ബെറിമയിലുള്ള (Berrimah) പഴയ ജയിൽ പൂർണ്ണമായും അടച്ചുപൂട്ടും. പദ്ധതിയുടെ നിർമ്മാണത്തിനും രൂപകൽപ്പനയ്ക്കുമായി നികുതിദായകരിൽ നിന്ന് മുൻകൂർ തുക ചെലവഴിക്കേണ്ടതില്ലെന്നും, സ്വകാര്യ കമ്പനിയാണ് ഇതിന്റെ സാമ്പത്തിക ബാധ്യതയും നടത്തിപ്പും വഹിക്കുകയെന്നും നോർത്തേൺ ടെറിട്ടറി ട്രഷറർ ബിൽ യാൻ (Bill Yan) വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ തടവറകളെ ലാഭമുണ്ടാക്കാനുള്ള ബിസിനസ്സ് മാർഗ്ഗമാക്കി മാറ്റുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകാതെ ജയിലുകൾ സ്വകാര്യവൽക്കരിക്കുന്നത് അപകടകരമായ നയമാണെന്നും യുണൈറ്റഡ് വർക്കേഴ്സ് യൂണിയൻ (UWU), തദ്ദേശീയ സമുദായ നേതാക്കൾ തുടങ്ങിയവർ കുറ്റപ്പെടുത്തി. പുതിയ പദ്ധതിക്കായി ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും 2027 അവസാനത്തോടെ കരാർ നൽകുമെന്നും അധികൃതർ അറിയിച്ചു.