കാലാവസ്ഥാ വ്യതിയാനം വില്ലനായി; നോർത്തേൺ ടെറിട്ടറിയിൽ മാമ്പഴ വിളവെടുപ്പിൽ വൻ ഇടിവ്, കർഷകർ ആശങ്കയിൽ

നോർത്തേൺ ടെറിട്ടറിയിൽ ഈ സീസണിൽ ആകെ 3.7 ദശലക്ഷം ട്രേ മാമ്പഴം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ കാതറിൻ മേഖലയിൽ നിന്ന് 1.9 ദശലക്ഷം ട്രേയും ഡാർവിൻ മേഖലയിൽ നിന്ന് 1.8 ദശലക്ഷം ട്രേയും ഉൾപ്പെടുന്നു.
Mango in Northern Territory
നോർത്തേൺ ടെറിട്ടറി മാമ്പഴ വിളവെടുപ്പ് തുടങ്ങിIsse Anarika/ Unsplash
Published on: 

ഡാർവിൻ: അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങളും മഴക്കാലം വൈകി അവസാനിച്ചതും മൂലം ഓസ്‌ട്രേലിയൻ പ്രവിശ്യയായ നോർത്തേൺ ടെറിട്ടറിയിലെ (NT) മാമ്പഴ ഉത്പാദനത്തിൽ കനത്ത ഇടിവ്. പ്രവിശ്യയിലെ മാമ്പഴ വിളവെടുപ്പ് ഏറ്റവും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കർഷകർ വ്യക്തമാക്കുന്നു. പല തോട്ടങ്ങളിലും മുൻവർഷത്തെ അപേക്ഷിച്ച് 30 മുതൽ 60 ശതമാനം വരെ വിളവ് കുറഞ്ഞതായാണ് പ്രാഥമിക കണക്കുകൾ.

നോർത്തേൺ ടെറിട്ടറിയിൽ ഈ സീസണിൽ ആകെ 3.7 ദശലക്ഷം ട്രേ മാമ്പഴം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ കാതറിൻ മേഖലയിൽ നിന്ന് 1.9 ദശലക്ഷം ട്രേയും ഡാർവിൻ മേഖലയിൽ നിന്ന് 1.8 ദശലക്ഷം ട്രേയും ഉൾപ്പെടുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ 15-20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മാമ്പഴ വിളവാണ് ഡാർവിൻ ഇത്തവണ രേഖപ്പെടുത്തുന്നതെന്നും, ചരിത്രത്തിലാദ്യമായി ഡാർവിനേക്കാൾ കൂടുതൽ മാമ്പഴം കാതറിൻ മേഖല ഉത്പാദിപ്പിക്കുന്ന സ്ഥിതിയാണുള്ളതെന്നും എൻടി മാംഗോ ഇൻഡസ്ട്രി അസോസിയേഷൻ പ്രസിഡന്റ് ലിയോ സ്ക്ലിറോസ് പറഞ്ഞു. കാതറിനിൽ കൂടുതലായി കൃഷി ചെയ്യുന്ന 'കലിപ്സോ' (Calypso) ഇനം കാലാവസ്ഥയെ അതിജീവിച്ചപ്പോൾ, ഡാർവിനിലെ 'കെൻസിംഗ്ടൺ പ്രൈഡ്' (Kensington Pride) ഇനത്തെ കാലാവസ്ഥ ദോഷകരമായി ബാധിച്ചു.

വിളവ് കുറഞ്ഞെങ്കിലും വിപണിയിൽ മാമ്പഴത്തിന് മികച്ച വില ലഭിക്കുന്നത് കർഷകർക്ക് നേരിയ ആശ്വാസം പകരുന്നുണ്ട്. നിലവിൽ സിഡ്നി മൊത്തവ്യാപാര വിപണിയിൽ മികച്ചയിനം കെൻസിംഗ്ടൺ പ്രൈഡ് മാമ്പഴം ട്രേ ഒന്നിന് 45 മുതൽ 50 ഡോളർ വരെ വിലയിലാണ് വിറ്റുപോകുന്നത്. ഡാർവിനിലെ സൂപ്പർമാർക്കറ്റുകളിൽ ഒരു മാമ്പഴത്തിന് 3 ഡോളർ വരെയാണ് ചില്ലറവില. കാതറിനിലെയും ക്വീൻസ്‌ലൻഡിലെയും വിളവെടുപ്പ് സജീവമാകുന്നതോടെ വരും ആഴ്ചകളിൽ വിപണിയിൽ വില സാധാരണ നിലയിലേക്ക് എത്തിയേക്കും.

Metro Australia
maustralia.com.au