പെപ്പർ സ്പ്രേ ഉപയോഗം നിയമവിധേയമാക്കി NT ; 16 വയസ്സുമുതലുള്ളവർക്ക് സ്വയരക്ഷയ്ക്കായി വാങ്ങാം

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 11 സർട്ടിഫൈഡ് സ്റ്റോറുകൾ വഴി മുതിർന്നവർക്ക് പെപ്പർ സ്പ്രേ ലഭ്യമാക്കുന്ന ട്രയൽ ആരംഭിച്ചത്.
പെപ്പർ സ്പ്രേ ഉപയോഗം നിയമവിധേയമാക്കി NT ; 16 വയസ്സുമുതലുള്ളവർക്ക് സ്വയരക്ഷയ്ക്കായി വാങ്ങാം
ABC News: Matilda Colling
Published on: 

ഡാർവിൻ: ഓസ്‌ട്രേലിയൻ പ്രവിശ്യയായ നോർത്തേൺ ടെറിട്ടറിയിൽ (Northern Territory) 16 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ താമസക്കാർക്കും സ്വയരക്ഷയ്ക്കായി പെപ്പർ സ്പ്രേ (OC spray) ഉപയോഗിക്കുന്നത് സർക്കാർ സ്ഥിരമായി നിയമവിധേയമാക്കി. ഒരു വർഷം നീണ്ടുനിന്ന ട്രയൽ വിജയകരമായി പൂർത്തിയായതിനെത്തുടർന്നാണ് മുഖ്യമന്ത്രി ലിയ ഫിനോച്ചിയാരോ (Lia Finocchiaro) ഉത്തരവ് പുറപ്പെടുവിച്ചത്. മുതിർന്നവർക്ക് മാത്രമായി നൽകിയിരുന്ന അനുമതിയാണ് ഇപ്പോൾ കൗമാരക്കാർക്കുകൂടി ലഭ്യമാകുന്ന രീതിയിൽ പ്രായപരിധിയിൽ ഇളവ് വരുത്തിയത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 11 സർട്ടിഫൈഡ് സ്റ്റോറുകൾ വഴി മുതിർന്നവർക്ക് പെപ്പർ സ്പ്രേ ലഭ്യമാക്കുന്ന ട്രയൽ ആരംഭിച്ചത്. ട്രയൽ 99 ശതമാനം വിജയകരമായിരുന്നുവെന്നും, 16 വയസ്സുള്ളവർക്ക് വാഹനമോടിക്കാനും ജോലി ചെയ്യാനും അനുവാദമുള്ള സാഹചര്യത്തിൽ ആപത്ഘട്ടങ്ങളിൽ സ്വയം പ്രതിരോധിക്കാൻ അവർക്കും പെപ്പർ സ്പ്രേ കൈവശം വെക്കാൻ അനുമതി നൽകണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ നിയമപ്രകാരം വീടുകളിൽ താമസക്കാർക്കും സന്ദർശകർക്കും ലൈസൻസുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും ജോലിസ്ഥലത്ത് സ്വയരക്ഷയ്ക്കായി ഇത് ഉപയോഗിക്കാൻ അനുമതിയുണ്ട്.

അതേസമയം, സ്കൂളുകളിൽ പെപ്പർ സ്പ്രേ കൊണ്ടുവരുന്നതിന് കർശന വിലക്കുണ്ട്. വിദ്യാർത്ഥികൾ സ്കൂളിൽ ഇത് കൊണ്ടുവന്നാൽ പിടിച്ചെടുക്കാനും സൂക്ഷിക്കാനും പിന്നീട് തിരികെ നൽകാനും സ്കൂൾ അധികൃതർക്ക് അധികാരമുണ്ടാകും. ട്രയൽ കാലയളവിൽ 3,776 പേർ ചേർന്ന് 6,000-ത്തോളം പെപ്പർ സ്പ്രേ കാനിസ്റ്ററുകൾ വാങ്ങിയിരുന്നു. ഇതിൽ അനധികൃതമായി വാങ്ങാൻ ശ്രമിച്ചവരിൽ നിന്ന് 69 എണ്ണം മാത്രമാണ് പോലീസ് പിടിച്ചെടുത്തത്. ഈ പരിഷ്കാരം ഉത്തരവാദിത്തത്തോടെ ഉപയോഗിച്ച ജനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു.

Metro Australia
maustralia.com.au