

ആലിസ് സ്പ്രിംഗ്സ്: ഫെബ്രുവരിയിലുണ്ടായ അപ്രതീക്ഷിത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിളവെടുപ്പ് പൂർണ്ണമായി തകർന്നതിന് പിന്നാലെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി നോർത്തേൺ ടെറിട്ടറിയിലെ ഏറ്റവും വലിയ ഈത്തപ്പഴത്തോട്ടം. ആലിസ് സ്പ്രിംഗ്സിന് 70 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന 'താമര ഡേറ്റ് പ്ലാന്റേഷൻ' ആണ് പുതിയ സീസണിൽ മികച്ച വിളവ് ലക്ഷ്യമിട്ട് വീണ്ടും സജീവമാകുന്നത്. വിളവെടുപ്പിന്റെ കൃത്യസമയത്ത് പെയ്ത പെരുമഴയിൽ കഴിഞ്ഞ തവണത്തെ ഭൂരിഭാഗം വിളകളും നശിച്ചിരുന്നു.
തോട്ടം കൈകാര്യം ചെയ്യുന്ന ഡെസേർട്ട് ഫ്രൂട്ട് കമ്പനിയിലെ തൊഴിലാളികൾ നിലവിൽ കൃത്രിമ പരാഗണ പ്രക്രിയകളിൽ (Manual pollination) മുഴുകിയിരിക്കുകയാണ്. പക്ഷികളിൽ നിന്നും കീടങ്ങളിൽ നിന്നും കായ്കളെ സംരക്ഷിക്കുന്നതിനായി ഒക്ടോബറോടെ ബാഗിംഗ് ആരംഭിക്കും. അടുത്ത വർഷം ഫെബ്രുവരി അവസാനത്തോടെയോ മാർച്ച് ആദ്യത്തോടെയോ പുതിയ വിളവെടുപ്പ് നടക്കും. അതേസമയം, ചന്ദ്രമാസ ക്രമമനുസരിച്ച് റംസാൻ കാലം ഓരോ വർഷവും 10 ദിവസത്തോളം നേരത്തെയാകുന്നത് തോട്ടത്തിന്റെ ബിസിനസ് രീതിയിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. വിളവെടുപ്പ് സമയവും നോമ്പുകാലവും തമ്മിലുള്ള അന്തരം കൂടിയതോടെ മഞ്ഞനിറത്തിലുള്ള 'ബർഹി' ഈത്തപ്പഴങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ കമ്പനി പുതിയ വിപണികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
Click the link below to join the ‘Metro M Australia’ WhatsApp Community.