ഓസ്‌ട്രേലിയയിൽ ആദ്യമായി മാരക ഫംഗസ് ബാധ; കൃഷികൾ നശിപ്പിക്കുന്ന രോഗം NT യിൽ സ്ഥിരീകരിച്ചു

മത്തൻ, വെള്ളരി, തണ്ണിമത്തൻ തുടങ്ങിയ കുക്കുർബിറ്റ് (Cucurbit) ഇനത്തിൽപ്പെട്ട വിളകളെയാണ് ഈ ഫംഗസ് പ്രധാനമായും ആക്രമിക്കുന്നത്
ഓസ്‌ട്രേലിയയിൽ ആദ്യമായി മാരക ഫംഗസ് ബാധ; കൃഷികൾ നശിപ്പിക്കുന്ന രോഗം NT യിൽ സ്ഥിരീകരിച്ചു
ABC Rural: Lucie Bell
Published on: 

ഡാർവിൻ: വിളകളെ പൂർണ്ണമായി നശിപ്പിക്കാൻ ശേഷിയുള്ള വിദേശ മണ്ണുരോഗകാരിയായ 'മോണോസ്പോറാസ്കസ് കാനൺബാലസ്' (Monosporascus cannonballus) ഫംഗസ് ഓസ്‌ട്രേലിയയിൽ ആദ്യമായി സ്ഥിരീകരിച്ചു. നോർത്തേൺ ടെറിട്ടറിയിലെ (NT) ഡാർവിൻ മേഖലയിലെ വെള്ളരിക്കാ തോട്ടങ്ങളിലും, 300 കിലോമീറ്റർ തെക്കുള്ള കാതറിൻ മേഖലയിലെ റോക്ക് മെലൺ, ഹണിഡ്യൂ മെലൺ തോട്ടങ്ങളിലുമാണ് വേരുചീയലിന് കാരണമാകുന്ന ഈ ബാധ കണ്ടെത്തിയതെന്ന് നോർത്തേൺ ടെറിട്ടറി ചീഫ് പ്ലാന്റ് ഹെൽത്ത് ഓഫീസർ സാലി ഹീറ്റൺ അറിയിച്ചു.

മത്തൻ, വെള്ളരി, തണ്ണിമത്തൻ തുടങ്ങിയ കുക്കുർബിറ്റ് (Cucurbit) ഇനത്തിൽപ്പെട്ട വിളകളെയാണ് ഈ ഫംഗസ് പ്രധാനമായും ആക്രമിക്കുന്നത്. വിളവെടുപ്പിന് പാകമായ ചെടികൾ പോലും വേരുകൾ അഴുകി പെട്ടെന്ന് ഉണങ്ങിപ്പോകാൻ ഇത് ഇടയാക്കും. മണ്ണിലൂടെ പകരുന്ന ഈ ഫംഗസിനെ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുക അസാധ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. യുഎസ്, ഇന്ത്യ, തായ്‌‌വാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുൻപേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ രോഗം വേരുകളിൽ പീരങ്കിയുണ്ടകൾ പൊട്ടിത്തെറിച്ചതുപോലെയുള്ള കറുത്ത പാടുകൾ ഉണ്ടാക്കുന്നു. പുതിയ രോഗബാധ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നതെന്നും, പ്രതിരോധ നടപടികൾക്കുള്ള ചെലവ് വർധിക്കുന്നത് വിപണിയിൽ തണ്ണിമത്തൻ ഉൾപ്പെടെയുള്ള പഴവർഗ്ഗങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കുമെന്നും മെലൺസ് ഓസ്‌ട്രേലിയ സിഇഒ ജോനാഥൻ ഡേവി വ്യക്തമാക്കി. തൽക്കാലം മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, സ്വന്തം നിലയിൽ ബയോസെക്യൂരിറ്റി മുൻകരുതലുകൾ സ്വീകരിക്കാൻ കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Metro Australia
maustralia.com.au