

ഡാർവിൻ: നോർത്തേൺ ടെറിട്ടറി തലസ്ഥാനമായ ഡാർവിനിലെ മറാറയിലുള്ള ബാറ്റൺ റോഡ് (YiSSA) ഭവനരഹിത താൽക്കാലിക അഭയകേന്ദ്രം അടുത്ത മാസം പൂട്ടുന്നതിനെത്തുടർന്ന് ഇവിടുത്തെ 150 അന്തേവാസികളെ 100 കിലോമീറ്റർ തെക്കുള്ള ബാച്ചിലർ (Batchelor) ടൗണിലേക്ക് മാറ്റാൻ തീരുമാനം. സൈറ്റ് ഉടമകളുമായുള്ള പാട്ടക്കരാർ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ഒക്ടോബർ 11-നകം പുതിയ കേന്ദ്രം സജ്ജമാക്കുമെന്ന് ചിൽഡ്രൻ ആൻഡ് ഫാമിലീസ് മന്ത്രി റോബിൻ കാഹിൽ അറിയിച്ചു. 380 ഓളം അന്തേവാസികളിൽ ഒരു വിഭാഗത്തെ സ്ഥിരം ഭവന പദ്ധതികളിലേക്കും സ്വന്തം ഗ്രാമങ്ങളിലേക്കും മാറ്റിയിട്ടുണ്ടെങ്കിലും ബാക്കി വരുന്നവർക്കാണ് ദൂരസ്ഥലത്തേക്ക് മാറേണ്ടി വരുന്നത്.
ഡാർവിനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ബാച്ചിലറിലേക്ക് മാറുന്നത് തൊഴിൽ, സെന്റർലിങ്ക് സേവനങ്ങൾ, ഡയാലിസിസ് ഉൾപ്പെടെയുള്ള അടിയന്തര മെഡിക്കൽ ചികിത്സകൾ എന്നിവയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അന്തേവാസികളും പ്രദേശവാസികളും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബാച്ചിലർ പോലുള്ള ചെറിയ ടൗണുകളിൽ ആവശ്യത്തിന് ആരോഗ്യ-കൗൺസിലിംഗ് സൗകര്യങ്ങളില്ലെന്ന് കൂമാലി കമ്മ്യൂണിറ്റി കൗൺസിൽ ചൂണ്ടിക്കാട്ടി. എന്നാൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് ആശുപത്രികൾക്ക് സമീപം തന്നെ താമസസൗകര്യം ഏർപ്പെടുത്തുമെന്നും ആശങ്കകൾ പരിഹരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.