ഖനന കമ്പനികളിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കാൻ നിയമഭേദഗതി ആവശ്യപ്പെട്ട് NT പ്രാദേശിക ഭരണകൂടങ്ങൾ

2019ലെ ലോക്കൽ ഗവൺമെന്റ് നിയമപ്രകാരം, മറ്റ് വസ്തുവകകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ നിരക്ക് നിശ്ചയിക്കുമ്പോൾ ഖനന മേഖലകളുടെയും പാസ്റ്ററൽ ലീസുകളുടെയും നിരക്ക് നിശ്ചയിക്കുന്നത് ലോക്കൽ ഗവൺമെന്റ് മന്ത്രി ആണ്.
ഖനന കമ്പനികളിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കാൻ നിയമഭേദഗതി ആവശ്യപ്പെട്ട് NT പ്രാദേശിക ഭരണകൂടങ്ങൾ
(ABC News: Xavier Martin)
Published on

ഖനന കമ്പനികളിൽ നിന്ന് ഈടാക്കുന്ന പ്രോപ്പർട്ടി നിരക്കുകൾ (rates) തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വയം നിശ്ചയിക്കാൻ അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് നോർത്തേൺ ടെറിറ്ററിയിലെ ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ (LGANT) രംഗത്ത്. നിലവിലെ 2019ലെ ലോക്കൽ ഗവൺമെന്റ് നിയമപ്രകാരം, മറ്റ് വസ്തുവകകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ നിരക്ക് നിശ്ചയിക്കുമ്പോൾ ഖനന മേഖലകളുടെയും പാസ്റ്ററൽ ലീസുകളുടെയും നിരക്ക് നിശ്ചയിക്കുന്നത് ലോക്കൽ ഗവൺമെന്റ് മന്ത്രി ആണ്.

ഖനന കമ്പനികൾ മറ്റ് നിരക്ക് നൽകുന്നവരെപ്പോലെ തന്നെ പരിഗണിക്കണമെന്നും വസ്തുവിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിക്കാൻ കൗൺസിലുകൾക്ക് അധികാരം നൽകണമെന്നുമാണ് LGANT പ്രസിഡന്റ് പീറ്റർ പാങ്‌കീ ആവശ്യപ്പെടുന്നത്. ഖനന വ്യവസായം നോർത്തേൺ ടെറിറ്ററിക്ക് നൽകുന്ന സംഭാവനയെ അംഗീകരിക്കുന്നുണ്ടെങ്കിലും കൂടുതൽ നീതിയുക്തമായ നിരക്ക് സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

നോർത്തേൺ ടെറിറ്ററിയിലെ ഭൂരിഭാഗം കൗൺസിലുകളിലും ജനസംഖ്യയും നിരക്ക് ഈടാക്കാവുന്ന വസ്തുവകകളും കുറവായതിനാൽ വരുമാനം പരിമിതമാണെന്നും അതിനാൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സേവനങ്ങൾ നൽകാനും ബുദ്ധിമുട്ടുണ്ടെന്നും പാങ്‌കീ ചൂണ്ടിക്കാട്ടി. നിലവിൽ നോർത്തേൺ ടെറിറ്ററിയിലെ എല്ലാ കൗൺസിലുകൾക്കുമായി ഖനന വ്യവസായം നൽകുന്ന നിരക്ക് ഏകദേശം 1.6 മില്യൺ ഡോളർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഖനന മേഖലയിൽ നിന്നുള്ള വരുമാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് പ്രാദേശിക കൗൺസിലുകൾക്ക് ലഭിക്കുന്നതെന്ന് ബാർക്ലി റീജിയണൽ കൗൺസിൽ മേയർ സിദ് വാഷിസ്റ്റ് പറഞ്ഞു. കൗൺസിലിന്റെ റോഡുകൾ, വാഹനങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിപാലിക്കാൻ വലിയ തുക ആവശ്യമായി വരുന്നതായും അദ്ദേഹം വ്യക്തമാക്കി. 10 വർഷത്തിനിടെ കൗൺസിലിന്റെ ആസ്തികൾ പരിപാലിക്കാൻ 155 മില്യൺ ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇതേ കാലയളവിൽ ലഭ്യമായ അധിക ഫണ്ട് ഏകദേശം 5 മില്യൺ ഡോളർ മാത്രമാണെന്നും വാഷിസ്റ്റ് പറഞ്ഞു. അതേസമയം, ഖനന കമ്പനികൾക്ക് കൂടുതൽ നിരക്ക് ചുമത്താനുള്ള നീക്കത്തെ മിനറൽസ് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ എതിർത്തു. ഇത് നോർത്തേൺ ടെറിറ്ററിയിൽ ഖനന നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്താൻ ഇടയാക്കുമെന്ന് നോർത്ത് ഓസ്‌ട്രേലിയ എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ ടിൽമത്ത് പറഞ്ഞു.

ഖനന കമ്പനികൾ പ്രാദേശിക കൗൺസിലുകളിൽ നിന്ന് മാലിന്യ ശേഖരണം, തെരുവ് വിളക്കുകൾ, റോഡ് അറ്റകുറ്റപ്പണികൾ തുടങ്ങിയ സേവനങ്ങൾ കാര്യമായി സ്വീകരിക്കുന്നില്ലെന്നും അതിനാൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അവർ വാദിച്ചു. അതേസമയം, ലോക്കൽ ഗവൺമെന്റ് മന്ത്രി സ്റ്റീവ് എഡ്ജിംഗ്ടൺ വിഷയത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി. ഖനന വികസനത്തിന്റെ സാമ്പത്തിക നേട്ടങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങളും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Metro Australia
maustralia.com.au