

മധ്യ ഓസ്‌ട്രേലിയൻ പട്ടണമായ ആലീസ് സ്പ്രിങ്‌സിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർ ഒറ്റപ്പെട്ടു. പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. പുഴയുടെ നടുവിൽ ഒരു മരത്തിൽ മണിക്കൂറുകളോളം തൂങ്ങിക്കിടന്ന യുവതിയെ അതിസാഹസികമായാണ് എമർജൻസി സർവീസ് വിഭാഗം രക്ഷപ്പെടുത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ റോഡിൽ നിന്ന് ഒഴുക്കിൽപ്പെട്ടതായിരുന്നു ഇവർ.
പട്ടണത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അഞ്ചിലധികം പേരെ വിവിധയിടങ്ങളിൽ നിന്നായി രക്ഷപ്പെടുത്തിയതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും നോർത്തേൺ ടെറിട്ടറി പോലീസ് അറിയിച്ചു. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും സുരക്ഷിതമായി വീടിനുള്ളിൽ തന്നെ കഴിയണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ആലീസ് സ്പ്രിങ്‌സിൽ ഇത്തരമൊരു കനത്ത പ്രളയം ഉണ്ടാകുന്നത്.