2041-ഓടെ വേണ്ടത് 5 ലക്ഷം വീടുകൾ; നിർമ്മാണച്ചെലവും വായ്പാ പ്രതിസന്ധിയും, ഭവന നിർമ്മാണം സ്തംഭനാവസ്ഥയിൽ

നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ബാങ്ക് വായ്പകൾ കർശനമാക്കിയതും ഡെവലപ്പർമാരെ പ്രതിസന്ധിയിലാക്കി.
വെസ്റ്റേൺ സിഡ്നിയിൽ ഭവന നിർമ്മാണം സ്തംഭനാവസ്ഥയിൽ
വെസ്റ്റേൺ സിഡ്നിയിൽ ഭവന നിർമ്മാണം സ്തംഭനാവസ്ഥയിൽ Breno Assis/ Unsplash
Published on: 

സിഡ്നി: വരും ദശകങ്ങളിൽ ജനസംഖ്യാ വർധനവ് ഉൾക്കൊള്ളാൻ 5 ലക്ഷത്തിലധികം പുതിയ വീടുകൾ ആവശ്യമായിരിക്കെ, വെസ്റ്റേൺ സിഡ്നി മേഖലയിലെ ഭവന നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. 1,09,000 വീടുകളുടെ റെക്കോർഡ് പ്രോജക്ടുകൾ പൈപ്പ്‌ലൈനിലുള്ളപ്പോഴും, പ്രധാന നാല് വളർച്ചാ ഇടനാഴികളിലായി നിലവിൽ വെറും 5,000 വീടുകളുടെ നിർമ്മാണം മാത്രമാണ് സജീവമായി പുരോഗമിക്കുന്നതെന്ന് ആർഡബ്ല്യുസി പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിവർഷം 25,600 വീടുകൾ പൂർത്തിയാക്കേണ്ട സ്ഥാനത്താണ് ഈ ഭീമമായ ഇടിവ്.

പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള അനുമതികൾ ജൂൺ പാദത്തിൽ 2,561 ആയി ഉയർന്നെങ്കിലും, നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ബാങ്ക് വായ്പകൾ കർശനമാക്കിയതും ഡെവലപ്പർമാരെ പ്രതിസന്ധിയിലാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം ഇന്ധന, അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നത് ന്യൂ സൗത്ത് വെയിൽസിലെ നിർമ്മാണച്ചെലവ് 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിച്ചതായി ആർഡബ്ല്യുസി മാനേജിംഗ് ഡയറക്ടർ പീറ്റർ വൈൻസ് ചൂണ്ടിക്കാട്ടി.

ഈ സാമ്പത്തിക സമ്മർദ്ദങ്ങളെത്തുടർന്ന് വെസ്റ്റേൺ സിഡ്നിയിലെ ഏറ്റവും വലിയ റസിഡൻഷ്യൽ ഡെവലപ്പർമാരായ 'ബത്‌ല ഗ്രൂപ്പ്' 360 കോടി ഡോളറിന്റെ ബാധ്യതകളോടെ വോളന്ററി അഡ്മിനിസ്ട്രേഷനിലേക്ക് പോയത് മേഖലയ്ക്ക് കനത്ത ആഘാതമായി. ഇതോടെ നിർമ്മാണത്തിലിരുന്ന 3,000-ത്തോളം അപ്പാർട്ട്‌മെന്റുകളും വീടുകളും അനിശ്ചിതത്വത്തിലായി. ലിവർപൂൾ, ബ്ലാക്ക്‌ടൗൺ മേഖലകളിലാണ് ഭവന പ്രതിസന്ധി ഏറ്റവും രൂക്ഷം. കൂടുതൽ വീടുകൾ യാഥാർത്ഥ്യമാക്കാൻ ന്യൂ സൗത്ത് വെയിൽസ് സർക്കാർ 1.4 ലക്ഷം വീടുകൾക്ക് പ്രയോജനപ്പെടുന്ന പുതിയ മലിനജല ട്രീറ്റ്‌മെന്റ് പശ്ചാത്തല സൗകര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പലിശ നിരക്കുകളിലും ധനസഹായ വ്യവസ്ഥകളിലും ഇളവ് ലഭിക്കാതെ നിർമ്മാണ രംഗം പുനരുജ്ജീവിപ്പിക്കാനാവില്ലെന്നാണ് വിലയിരുത്തൽ.

Metro Australia
maustralia.com.au