വിണ്ണിൽ വിസ്മയം തീർത്ത് വിദ്യാർത്ഥികൾ; 'ഗലാ' റോക്കറ്റ് 10,000 അടി ഉയരത്തിൽ വിജയകരമായി വിക്ഷേപിച്ചു

എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് പുറമെ ആർട്സ്, സയൻസ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരും ഈ പ്രോജക്റ്റിൽ പങ്കാളികളായി.
വിണ്ണിൽ വിസ്മയം തീർത്ത് വിദ്യാർത്ഥികൾ; 'ഗലാ' റോക്കറ്റ് 10,000 അടി ഉയരത്തിൽ വിജയകരമായി വിക്ഷേപിച്ചു
Supplied: USYD Rocketry Team
Published on

മിൽഡുറ (NSW): സിഡ്‌നി സർവകലാശാലയിലെ (USYD) റോക്കട്രി ടീം വികസിപ്പിച്ചെടുത്ത 'ഗലാ' റോക്കറ്റ് എൻഎസ്ഡബ്ല്യു ഔട്ട്‌ബാക്കിലെ ടോളാർനോ സ്റ്റേഷനിൽ നിന്ന് വിജയകരമായി ആകാശത്തേക്ക് കുതിച്ചു. ലക്ഷ്യമിട്ടിരുന്ന 10,000 അടിക്ക് തൊട്ടടുത്തായി 10,200 അടി (3,108 മീറ്റർ) ഉയരം കീഴടക്കാൻ റോക്കറ്റിന് സാധിച്ചു. ബഹിരാകാശ സാങ്കേതിക വിദ്യയിൽ താല്പര്യമുള്ള വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 90-ഓളം വിദ്യാർത്ഥികളുടെ മാസങ്ങൾ നീണ്ട കഠിനാധ്വാനമാണ് ഈ വിജയത്തിന് പിന്നിൽ.

എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് പുറമെ ആർട്സ്, സയൻസ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരും ഈ പ്രോജക്റ്റിൽ പങ്കാളികളായി. റോക്കറ്റിന്റെ ഡിസൈൻ, നിർമ്മാണം, ഫിനാൻസ്, മീഡിയ കൈകാര്യം ചെയ്യൽ തുടങ്ങി എല്ലാ കാര്യങ്ങളും വിദ്യാർത്ഥികൾ തന്നെയാണ് നിർവ്വഹിച്ചത്. മുൻവർഷങ്ങളിൽ വിക്ഷേപിച്ച 'പാർഡലോട്ട്' (Pardalote), 'സിൽവർ ഐ' (Silvereye) എന്നീ റോക്കറ്റുകൾ അന്താരാഷ്ട്ര മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ഈ വിജയത്തിന് പിന്നാലെ, ഗലാ റോക്കറ്റുമായി അന്താരാഷ്ട്ര റോക്കറ്റ് എൻജിനീയറിങ് മത്സരത്തിൽ (IREC) പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം. അമേരിക്ക, കാനഡ, ടർക്കി തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളുമായിട്ടായിരിക്കും സിഡ്‌നി ടീം ഏറ്റുമുട്ടുക. ഓസ്‌ട്രേലിയൻ ബഹിരാകാശ വ്യവസായ രംഗത്ത് മികച്ച കരിയർ കെട്ടിപ്പടുക്കാൻ ഇത്തരം പ്രായോഗിക അനുഭവങ്ങൾ വിദ്യാർത്ഥികളെ സഹായിക്കുമെന്ന് പ്രോജക്റ്റ് ഭാരവാഹികൾ പറഞ്ഞു.

Metro Australia
maustralia.com.au