

സിഡ്നി: വസന്തകാലത്തിന്റെ തുടക്കത്തിൽ തന്നെ അതിശക്തമായ കാറ്റും കടുത്ത ചൂടും മൂലം ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് സിഡ്നിയിലെ താപനില 32 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഈ സീസണിൽ ഇത്രയും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് അപൂർവ്വമാണ്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ നിരവധി അപൂർവ്വ കാഴ്ചകളും അപകടങ്ങളും ഉണ്ടായി. നഗരത്തിന്റെ തെക്കുകിഴക്കൻ മേഖലയായ ലിവർപൂളിൽ റോഡിലെ ഗതാഗതത്തിനിടയിലൂടെ മെത്ത (Mattress) കാറ്റിൽ പറന്നുനടന്നപ്പോൾ, സെന്റ് ലിയോണാർഡ്സിലെ ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് സോഫ കാറ്റിൽ താഴേക്ക് പതിച്ചു.
അടിയന്തര സേവന വിഭാഗമായ SES-ന് സഹായം അഭ്യർത്ഥിച്ച് നഗരത്തിലുടനീളം ആറുന്നൂറോളം ഫോൺ കോളുകളാണ് ലഭിച്ചത്. മുൻകരുതലിന്റെ ഭാഗമായി ഗ്രേറ്റർ സിഡ്നി മേഖലയിൽ ശനിയാഴ്ച പൂർണ്ണ തീപിടുത്ത നിരോധനം (Total Fire Ban) ഏർപ്പെടുത്തിയിരുന്നു.
ശനിയാഴ്ചത്തെ കൊടുങ്കാറ്റിൽ ലക്ഷത്തോളം ആളുകൾക്കാണ് വൈദ്യുതിബന്ധം നഷ്ടപ്പെട്ടത്. അറ്റകുറ്റപ്പണികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ഞായറാഴ്ച രാവിലത്തെ കണക്കനുസരിച്ച് 19,392 ഉപഭോക്താക്കൾ ഇപ്പോഴും ഇരുട്ടിലാണ്. ഹോക്സ്ബറി (Hawkesbury), വെസ്റ്റേൺ സിഡ്നി, ബ്ലൂ മൗണ്ടൻസ് തുടങ്ങിയ മേഖലകളിലാണ് വൈദ്യുതി തടസ്സം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിലയിടങ്ങളിൽ തിങ്കളാഴ്ചയോടെ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്ന് എൻഡവർ എനർജി (Endeavour Energy) അറിയിച്ചു. ഓസ്ഗ്രിഡിന്റെ (Ausgrid) സർവീസുകളെയും കാറ്റ് ബാധിച്ചിട്ടുണ്ട്. എന്നാൽ ഞായറാഴ്ചയോടെ സിഡ്നിയിലെ കാലാവസ്ഥയിൽ നേരിയ ആശ്വാസം ലഭിച്ചിട്ടുണ്ട്. പ്രതീക്ഷിക്കുന്ന ഉയർന്ന താപനില 23 ഡിഗ്രിയും കാറ്റിന്റെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററുമാണ്. ന്യൂ സൗത്ത് വെയിൽസ് (തീരദേശങ്ങളിൽ കടൽക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. അതേസമയം, സംസ്ഥാനത്തിന്റെ തെക്കൻ മേഖലകളിൽ നൽകിയിരുന്ന കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് പിൻവലിച്ചു.