

സിഡ്‌നിയിലെ റൂക്ക്‌വുഡ് സെമിത്തേരിയിലെ ആയിരക്കണക്കിന് കല്ലറകളുടെ വിവരങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്വന്തം പൂർവികരുടെ കല്ലറകൾ കണ്ടെത്തിയിരിക്കുകയാണ് റോബിൻ ഹോസ്. 1981ൽ Society of Australian Genealogists-നൊപ്പം റോബിൻ ഹോസ് റൂക്ക്‌വുഡിലെ 7.5 ലക്ഷം കല്ലറകളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ദൗത്യത്തിൽ പങ്കാളിയായി. റോഡ് നിർമാണ പദ്ധതിയുടെ ഭാഗമായി നിരവധി ശവകുടീരക്കല്ലുകൾ നീക്കം ചെയ്തതിനെ തുടർന്ന് സെമിത്തേരിയിലെ നാല് വിഭാഗങ്ങൾ ചരിത്രത്തിൽനിന്ന് തന്നെ അപ്രത്യക്ഷമാകുന്ന സാഹചര്യമുണ്ടായിരുന്നു.
പൈതൃക സംരക്ഷണ പദവി ഇല്ലാതിരുന്ന സെമിത്തേരിയുടെ കൂടുതൽ ഭാഗങ്ങൾക്കും സമാനമായ ദുരവസ്ഥ നേരിടുമെന്ന ആശങ്കയിലായിരുന്നു സംഘം. വിവരങ്ങൾ രേഖപ്പെടുത്തിയില്ലെങ്കിൽ കല്ലറകളുടെ ചരിത്രം പൂർണമായും നഷ്ടപ്പെടുമെന്ന് ഹോസ് പറഞ്ഞു. രേഖപ്പെടുത്തുന്നതിനിടെ പരിചിതമായ പേരുകൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് 1850കളിൽ അയർലൻഡിൽ നിന്ന് ഓസ്‌ട്രേലിയയിലെത്തിയ തന്റെ മുത്തച്ഛന്റെ മാതാപിതാക്കളായ എഡ്വേഡിന്റെയും സാറാ മക്‌കാംലിയുടെയും കല്ലറ അവിടെ കണ്ടെത്തിയത്. റൂക്ക്‌വുഡിന്റെ പൈതൃക സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന Friends of Rookwood സംഘടനയുടെ പ്രസിഡന്റാണ് ഹോസ്. സെമിത്തേരിയിലെ പഴയ ഭാഗങ്ങളുടെ പുനരുദ്ധാരണത്തിനായി സംഘടന ഫണ്ട് സമാഹരിക്കുകയും പൈതൃക ടൂറുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. റൂക്ക്‌വുഡിലെ കല്ലറകളുടെ വിവരങ്ങൾ പൂർണമായി രേഖപ്പെടുത്താൻ എട്ട് വർഷം എടുത്തു. ഇതിനിടെ 1989ൽ NSW Heritage Council സെമിത്തേരിക്ക് സ്ഥിരം സംരക്ഷണ ഉത്തരവ് ഏർപ്പെടുത്തി. 1999ൽ ഇത് State Heritage Registerലും ഉൾപ്പെടുത്തി.
തെക്കൻ അർധഗോളത്തിലെ ഏറ്റവും വലിയ സെമിത്തേരി
1867ൽ 80 ഹെക്ടർ സ്ഥലത്ത് സ്ഥാപിച്ച റൂക്ക്‌വുഡ് സെമിത്തേരി സിഡ്‌നി നഗരത്തിന്റെ വളർച്ചയ്ക്കിടെയാണ് രൂപംകൊണ്ടത്. നിലവിൽ ഇവിടെ 140 മതവിഭാഗങ്ങളെയും 250 ഭാഷകളെയും പ്രതിനിധീകരിക്കുന്ന കല്ലറകളുണ്ട്. ഒരുകാലത്ത് Central Stationൽ നിന്ന് ദിവസത്തിൽ രണ്ടുതവണ പ്രത്യേക മോർച്ച്വറി ട്രെയിൻ സർവീസും സെമിത്തേരിയിലേക്ക് ഉണ്ടായിരുന്നു. സെമിത്തേരി ആദ്യം ആംഗ്ലിക്കൻ, കത്തോലിക്ക, പ്രെസ്‌ബിറ്റീരിയൻ, വെസ്ലിയൻ, ഇൻഡിപെൻഡന്റ്, ജൂത വിഭാഗങ്ങളായി തിരിച്ചിരുന്നു. റൂക്ക്‌വുഡ് ഈ വാരാന്ത്യത്തിൽ 159-ാം വാർഷികം ഹെറിറ്റേജ് ഡേയിലൂടെ ആഘോഷിക്കും. കല്ലറ കുഴിക്കുന്നതിന്റെ പ്രദർശനവും പ്രശസ്ത ഓസ്‌ട്രേലിയക്കാരുടെ കല്ലറകളിലേക്കുള്ള ടൂറുകളും പരിപാടിയുടെ ഭാഗമാണ്.
കല്ലറകൾക്ക് ഇടം കുറയുന്നു
വിപുലമായ വിസ്തൃതിയുണ്ടെങ്കിലും റൂക്ക്‌വുഡ് സെമിത്തേരി ഇപ്പോൾ സ്ഥലപരിമിതി നേരിടുകയാണ്. സമീപത്തെ Carnarvon Golf Course സെമിത്തേരിയാക്കി മാറ്റാനുള്ള നിർദേശം ഇതിനകം പ്രാദേശിക സമൂഹത്തിന്റെ എതിർപ്പിന് കാരണമായിട്ടുണ്ട്. ഇതിന്റെ അന്തിമ തീരുമാനം NSW സർക്കാരിന്റേതാണ്. ചില മതവിഭാഗങ്ങൾക്ക് മരണശേഷം ഉടൻ അനുവദിക്കുന്ന ‘at-need’ കല്ലറകൾ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തീർന്നേക്കുമെന്ന് Metropolitan Memorial Parks സിഇഒ ഡെനിസ് ഓറ പറഞ്ഞു.
2036ഓടെ ഈ വിഭാഗത്തിലെ സ്ഥലങ്ങൾ ഭൂരിഭാഗവും പൂർണമായി തീർന്നേക്കുമെന്നും അവർ വ്യക്തമാക്കി. മുസ്ലിം, ഓർത്തഡോക്സ് വിഭാഗങ്ങൾ പോലുള്ള മൃതദേഹം സംസ്കരിക്കൽ നിർബന്ധമായ മതസമൂഹങ്ങൾക്കാണ് ഇതിൽ കൂടുതൽ ആശങ്ക. സ്ഥലപരിമിതി പരിഹരിക്കാൻ പുനരുപയോഗിക്കാവുന്ന കല്ലറാവകാശം ഉൾപ്പെടെയുള്ള സുസ്ഥിര സംസ്കാര രീതികൾ പരിഗണിക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു. NSWയിൽ 2018 മുതൽ നിലവിലുള്ള limited tenure സംവിധാനത്തിൽ 25 മുതൽ 99 വർഷം വരെ കല്ലറ ഉപയോഗിച്ചതിന് ശേഷം സ്ഥലം വീണ്ടും ഉപയോഗിക്കാനാകും. എന്നാൽ ഈ സംവിധാനം നിർബന്ധിതമല്ലെന്നും എല്ലാ മതവിഭാഗങ്ങളുടെയും പാരമ്പര്യങ്ങളുമായി ഇത് പൊരുത്തപ്പെടണമെന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.