ഓസ്‌ട്രേലിയൻ ബ്രാൻഡ് സ്റ്റാക്സ് ലാഭത്തിലാകാതെ നാല് വർഷം; 22.8 മില്യൺ ഡോളറിന്റെ പണകമ്മി

ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് കമ്മീഷനിൽ (ASIC) CasCap Advisoryയിലെ ലിക്വിഡേറ്റർമാർ ഒക്ടോബർ 2ന് സമർപ്പിച്ച റിപ്പോർട്ടിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാകുന്നത്.
ഓസ്‌ട്രേലിയൻ ബ്രാൻഡ് സ്റ്റാക്സ് ലാഭത്തിലാകാതെ നാല് വർഷം
ഡോൺ റോബർട്സണും ഭാര്യ മട്ടിൽഡ മുറെയും ചേർന്നാണ് Stax സ്ഥാപിച്ചത്. ( James Brickwood)
Published on: 

സിഡ്‌നി: തകർന്ന ഓസ്‌ട്രേലിയൻ ആക്റ്റീവ്വെയർ ബ്രാൻഡായ Stax നാല് വർഷമായി ലാഭത്തിലായിരുന്നില്ലെന്നും കമ്പനിക്ക് 22.8 മില്യൺ ഡോളറിന്റെ പണകമ്മി നേരിട്ടിരുന്നതായും പുതിയ സാമ്പത്തിക രേഖകൾ. ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് കമ്മീഷനിൽ (ASIC) CasCap Advisoryയിലെ ലിക്വിഡേറ്റർമാർ ഒക്ടോബർ 2ന് സമർപ്പിച്ച റിപ്പോർട്ടിലാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാകുന്നത്.

2015ൽ ഡോൺ റോബർട്സണും ഭാര്യ മട്ടിൽഡ മുറെയും ചേർന്ന് സ്ഥാപിച്ച Stax 2024 ജൂണിൽ തന്നെ ‘ബാലൻസ് ഷീറ്റ് ഇൻസോൾവന്റ്’ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. 2024 സാമ്പത്തിക വർഷത്തിൽ മാത്രം കമ്പനിക്ക് 9 മില്യൺ ഡോളറിലധികം നഷ്ടമുണ്ടായി. 2022ലാണ് അവസാനമായി കമ്പനി ലാഭം രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ലിക്വിഡേഷൻ നടപടികളുടെ ചെലവ് ഉൾപ്പെടുത്താതെയാണ് കമ്പനിയുടെ പണകമ്മി 22.82 മില്യൺ ഡോളറിലെത്തിയത്. ലിക്വിഡേറ്ററായ CasCap Advisoryയുടെ ഫീസ് ഇതിനകം 4.4 ലക്ഷം ഡോളറിനടുത്തെത്തിയിട്ടുണ്ട്.

Also Read
മത്സ്യങ്ങളിൽ മാരക ബാക്ടീരിയ ബാധ; കടലിൽ വെച്ച് സാൽമണുകൾക്ക് ആന്റിബയോട്ടിക് കുത്തിവെക്കാൻ ടാസൽ
ഓസ്‌ട്രേലിയൻ ബ്രാൻഡ് സ്റ്റാക്സ് ലാഭത്തിലാകാതെ നാല് വർഷം

ആകെ 13,207 സുരക്ഷിതമല്ലാത്ത വായ്പാദായകരോടാണ് Stax-ന് ബാധ്യതയുള്ളത്. ഇതിൽ ഭൂരിഭാഗവും ഉപഭോക്താക്കളാണ്. 1.3 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ഓർഡറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കാനുണ്ട്. ഇവ വിതരണം ചെയ്യാനുള്ള പദ്ധതി ലിക്വിഡേറ്റർമാർ ഉപേക്ഷിച്ചു. ജീവനക്കാർക്കും കമ്പനി 4.53 ലക്ഷം ഡോളറിലധികം നൽകാനുണ്ട്. ഇതിൽ 63,556 ഡോളർ സൂപ്പറാനുവേഷൻ, 89,209 ഡോളർ വാർഷിക അവധി ആനുകൂല്യങ്ങൾ, 1,28,683 ഡോളർ റിഡണ്ടൻസി പേയ്‌മെന്റുകൾ എന്നിവ ഉൾപ്പെടുന്നു. മറ്റ് കടക്കാരിലേക്ക് 6.2 മില്യൺ ഡോളറിന്റെ ബാധ്യതയുമുണ്ട്. ഗൂഗിളിന് 5 ലക്ഷം ഡോളറും മെറ്റയ്ക്ക് 3,28,845 ഡോളറും Ningbo Mingna Garments എന്ന കമ്പനിക്ക് 1.9 മില്യൺ ഡോളറിന്റെ കുടിശ്ശികയുമുണ്ട്.

ജൂണിൽ റിസീവർമാരെ നിയമിച്ചതിനെ തുടർന്ന് Stax ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തുകയും സിഡ്‌നിയിലെ പിറ്റ് സ്ട്രീറ്റിലെയും ലിവർപൂൾ വെസ്റ്റ്‌ഫീൽഡിലെയും സ്റ്റോറുകൾ അടയ്ക്കുകയും ചെയ്തിരുന്നു. ജൂലൈ 10ന് CasCap Advisoryയിലെ ബ്രയൻ സിൽവിയയെയും മൈക്കൽ ഹേർഡിനെയും സംയുക്ത ലിക്വിഡേറ്റർമാരായി നിയമിച്ചു. തുടർന്ന് ഓസ്‌ട്രേലിയൻ സ്ട്രീറ്റ്‌വെയർ റീട്ടെയിലർ Pushas സ്ഥാപകരായ ജസ്റ്റിൻ ട്രൂങും സാൻഡി ലി-ട്രൂങും ഓഗസ്റ്റിൽ Stax ഏറ്റെടുത്തു. സ്വകാര്യ നിക്ഷേപമായാണ് ഏറ്റെടുക്കൽ നടന്നത്. Pushas-ൽ നിന്ന് വേറിട്ട സ്ഥാപനമായാകും Stax പ്രവർത്തിക്കുക. 2026ലെ വസന്തകാലത്തോടെ ബ്രാൻഡ് വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന സൂചന നൽകുന്ന വീഡിയോയും പുതിയ ഉടമകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കടക്കാരുടെ അടുത്ത യോഗം ഒക്ടോബർ 13ന് നടക്കും.

Metro Australia
maustralia.com.au