

സിഡ്‌നി: സിഡ്‌നിയിലെ റോയൽ നാഷണൽ പാർക്കിന് കീഴിലുള്ള ഗാരി (Garie), വട്ടമുള്ള (Wattamolla), ഇറ (Era), ബേണിംഗ് പാംസ് (Burning Palms) എന്നീ ബീച്ചുകൾ ശനിയാഴ്ച രാവിലെ മുതൽ അടച്ചു. ഇറ ബീച്ചിന്റെ തെക്കേ അറ്റത്തുള്ള ഒരു പാറക്കൂട്ടത്തിന് മുകളിലാണ് തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞത്. ദിവസങ്ങളോളം പഴക്കമുള്ള ഈ അവശിഷ്ടങ്ങൾ ഭക്ഷിച്ച് സ്രാവുകൾ തീരത്തേക്ക് കൂട്ടത്തോടെ എത്തിയതോടെയാണ് സർഫ് ലൈഫ് സേവിംഗ് എൻഎസ്ഡബ്ല്യു (SLSNSW) മുന്നറിയിപ്പ് നൽകിയത്.
ബുൾ ഷാർക്കുകളും ഗ്രേറ്റ് വൈറ്റ് ഷാർക്കുകളും ഉൾപ്പെടെയുള്ള അപകടകാരികളായ സ്രാവുകൾ തീരത്തിന് തൊട്ടടുത്ത് വട്ടമിടുന്നത് ഡ്രോൺ ദൃശ്യങ്ങളിലും മറ്റും വ്യക്തമായിട്ടുണ്ട്. ലോംഗ് വീക്കെൻഡ് (Long Weekend) ആയതിനാൽ ധാരാളം സഞ്ചാരികൾ എത്തുന്ന സ്ഥലമായതിനാൽ ജാഗ്രത പാലിക്കണമെന്ന് സിഇഒ സ്റ്റീഫൻ പിയേഴ്സ് പറഞ്ഞു. കടലിൽ ഇറങ്ങാനോ സർഫിംഗ്, ഡൈവിംഗ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാനോ ആരും ശ്രമിക്കരുത്.
തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി നാഷണൽ പാർക്ക് ആൻഡ് വൈൽഡ് ലൈഫ് സർവീസുമായി ചേർന്ന് നടപടികൾ ആരംഭിച്ചു. സ്രാവുകളുടെ സാന്നിധ്യം കുറയുന്നത് വരെ അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി ബീച്ചുകൾ അടച്ചിടാനാണ് സാധ്യത. മേഖലയിൽ നിരീക്ഷണം ശക്തമാക്കാൻ ഡ്രോണുകളും ജെറ്റ് സ്കീകളും വിന്യസിച്ചിട്ടുണ്ട്.