സിഡ്‌നിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; എച്ച്5എൻ1 വൈറസ് വ്യാപനത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

നോർത്തേൺ ബീച്ചസ് മേഖലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും വന്യജീവികൾക്കിടയിൽ വൈറസ് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്നും നോർത്തേൺ ബീച്ചസ് മേയർ സ്യൂ ഹെയ്ൻസ് മുന്നറിയിപ്പ് നൽകി.
സിഡ്‌നിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
സിഡ്‌നിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു(File: Dado Ruvic/Reuters)
Published on

സിഡ്‌നി: അതീവ പ്രഹരശേഷിയുള്ള എച്ച്5എൻ1 (H5N1) പക്ഷിപ്പനി വൈറസ് സാന്നിധ്യം സിഡ്‌നിയിൽ ആദ്യമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണിൽ ഓസ്‌ട്രേലിയൻ വൻകരയിൽ എച്ച്5എൻ1 സ്ഥിരീകരിച്ചതിന് ശേഷം സിഡ്‌നി നഗരപരിധിയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണിത്. സിഡ്‌നിയിലെ നോർത്തേൺ ബീച്ചസ് മേഖലയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ കാട്ടുപക്ഷികളുമായി സമ്പർക്കം പുലർത്തരുതെന്ന് വീടുകളിൽ പക്ഷികളെയും കോഴികളെയും വളർത്തുന്നവർക്ക് അധികൃതർ കർശന നിർദ്ദേശം നൽകി.

ചത്ത പക്ഷികളുടെ അവശിഷ്ടങ്ങൾ ഭക്ഷിക്കാനോ വന്യപക്ഷികളെ തുരത്താനോ വളർത്തുനായ്ക്കളെ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്. നോർത്തേൺ ബീച്ചസ് മേഖലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും വന്യജീവികൾക്കിടയിൽ വൈറസ് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്നും നോർത്തേൺ ബീച്ചസ് മേയർ സ്യൂ ഹെയ്ൻസ് മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളം ഇതുവരെ 468 എച്ച്5എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ന്യൂ സൗത്ത് വെയിൽസിലെ വാണിജ്യ പൗൾട്രി ഫാമുകളിലോ വളർത്തുമൃഗങ്ങളിലോ ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടില്ല. മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ള വൈറസായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിച്ചു.

Metro Australia
maustralia.com.au