സിഡ്നിയിൽ തീ ഉറുമ്പുകളുടെ സാന്നിധ്യം വ്യാപിക്കുന്നു; പ്രതിരോധ നടപടികൾ ശക്തമാക്കി

ചൊവ്വാഴ്ച ഓബേൺ മേഖല സന്ദർശിച്ച കൃഷിമന്ത്രി Tara Moriarty, ഇപ്പോൾ കണ്ടെത്തിയ തീ ഉറുമ്പുകളുടെ ഇനം നേരത്തെ കണ്ടെത്തിയവയിൽ നിന്ന് വ്യത്യസ്തമാണെന്ന് പറഞ്ഞു.
സിഡ്നിയിൽ തീ ഉറുമ്പുകളുടെ സാന്നിധ്യം; പ്രതിരോധം ശക്തമാക്കി
(ABC News: Timothy Ailwood)
Published on: 

സിഡ്നിയിൽ തീ ഉറുമ്പുകളുടെ (Fire Ants) സാന്നിധ്യം ആദ്യം കണ്ടെത്തിയതിനെക്കാൾ വ്യാപകവും സങ്കീർണവുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ പ്രതിരോധ നടപടികൾ ശക്തമാക്കി അധികൃതർ. ഉറുമ്പുകളുടെ കൂടുകൾ കണ്ടെത്തിയ പ്രദേശങ്ങളിൽ കൂടുതൽ പരിശോധനകളും തീവ്രമായ കീടനിയന്ത്രണ നടപടികളും ആരംഭിച്ചു. ഓബേൺ (Auburn) മേഖലയിൽ കണ്ടെത്തിയ ഒരു ഉറുമ്പിൻകൂട് കഴിഞ്ഞ വാരാന്ത്യത്തിൽ വിജയകരമായി കീടനിയന്ത്രണത്തിന് വിധേയമാക്കിയിരുന്നു. എന്നാൽ തുടർപരിശോധനയിൽ പ്രദേശത്ത് കൂടുതൽ വ്യാപകമായ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ബയോസെക്യൂരിറ്റി നടപടികൾ വിപുലീകരിക്കാൻ തീരുമാനിച്ചത്.

സിഡ്നിയിൽ തീ ഉറുമ്പുകളുടെ സാന്നിധ്യം; പ്രതിരോധം ശക്തമാക്കി
Agriculture Minister Tara Moriarty

വേദനാജനകമായ കടിയിലൂടെ അറിയപ്പെടുന്ന തീ ഉറുമ്പുകളെ സെപ്റ്റംബർ 23നാണ് സിഡ്നിയുടെ പടിഞ്ഞാറൻ ഉൾപ്രദേശത്തുള്ള Enfield Intermodal Logistics Centreൽ കോമൺവെൽത്ത് അധികൃതർ ആദ്യം കണ്ടെത്തിയത്. ചൊവ്വാഴ്ച ഓബേൺ മേഖല സന്ദർശിച്ച കൃഷിമന്ത്രി Tara Moriarty, ഇപ്പോൾ കണ്ടെത്തിയ തീ ഉറുമ്പുകളുടെ ഇനം നേരത്തെ കണ്ടെത്തിയവയിൽ നിന്ന് വ്യത്യസ്തമാണെന്ന് പറഞ്ഞു. മലിനമായ ഇറക്കുമതി ഉൽപ്പന്നങ്ങളിലൂടെയാകാം ഇവ എത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും മന്ത്രി വ്യക്തമാക്കി. ഉറുമ്പുകൾ എത്തിയതിലേക്ക് നയിച്ച വിതരണ ശൃംഖലകൾ കണ്ടെത്തുന്നതിനും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തുന്നതിനുമായി സർക്കാർ പ്രത്യേക ടാസ്‌ക്ഫോഴ്സ് രൂപീകരിക്കുകയാണെന്നും സ്ഥലത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്നും അവർ അറിയിച്ചു. തീ ഉറുമ്പുകളെ പൂർണമായും ഇല്ലാതാക്കാൻ കഴിയുമെന്ന് മുൻ അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും അതിനാവശ്യമായ പദ്ധതികളും നടപടികളും ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതൽ പരിശോധനകൾ ആവശ്യമുള്ള മറ്റ് പ്രദേശങ്ങളുണ്ടോയെന്ന് കണ്ടെത്താൻ വിദഗ്ധരുടെ സഹായവും തേടുമെന്നും അവർ കൂട്ടിച്ചേർത്തു.

Also Read
ഓൺലൈൻ സ്വാതന്ത്ര്യത്തിൽ സർക്കാർ നിയന്ത്രണം; ഡിജിറ്റൽ നിയമം പിൻവലിക്കുമെന്ന് പോളിൻ ഹാൻസൺ
സിഡ്നിയിൽ തീ ഉറുമ്പുകളുടെ സാന്നിധ്യം; പ്രതിരോധം ശക്തമാക്കി

രണ്ട് മാസം മുമ്പ് Enfield Intermodal Logistics Centreൽ കണ്ടെത്തിയ ഉറുമ്പുകളുമായി ഓബേണിലെ സാന്നിധ്യത്തിന് ബന്ധമില്ലെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രണ്ട് സംഭവങ്ങളിലും ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളാകാം ഉറുമ്പുകളുടെ ഉറവിടമെന്നാണ് സംശയം. ഇവയുടെ യഥാർഥ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഉറുമ്പിൻകൂടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരം കൂടുകൾ കണ്ടെത്തിയാൽ അവ നശിപ്പിക്കരുതെന്നും ഉറുമ്പുകളെ പിടികൂടാൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ന്യൂ സൗത്ത് വെയിൽസിൽ നിരോധിത ജീവിവർഗമായി കണക്കാക്കപ്പെടുന്നവയാണ് തീ ഉറുമ്പുകൾ.