ഓൺലൈൻ സ്വാതന്ത്ര്യത്തിൽ സർക്കാർ നിയന്ത്രണം; ഡിജിറ്റൽ നിയമം പിൻവലിക്കുമെന്ന് പോളിൻ ഹാൻസൺ

നവംബർ 24ന്, ആൽബനീസ് സർക്കാരിന് ഗ്രീൻസ് പാർട്ടിയുടെ പിന്തുണ ലഭിച്ചതോടെയാണ് Online Safety Amendment (Digital Duty of Care) Bill 2026 മുന്നോട്ടുപോയത്.
ഓൺലൈൻ സ്വാതന്ത്ര്യത്തിൽ സർക്കാർ നിയന്ത്രണം; വൺ നേഷൻ കടുത്ത നിലപാട്
Angus Taylor, Pauline Hanson
Published on: 

ഓസ്ട്രേലിയക്കാരുടെ ഓൺലൈൻ അഭിപ്രായ സ്വാതന്ത്ര്യത്തിൽ സർക്കാർ അമിതമായ നിയന്ത്രണം കൊണ്ടുവരുകയാണെന്ന് ഫെഡറൽ പ്രതിപക്ഷ നേതാവ് Angus Taylor ആരോപിച്ചു. ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ നിയമം പിൻവലിക്കുമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാൻ ജനഹിതപരിശോധന നടത്തുമെന്നും വൺ നേഷൻ നേതാവ് Pauline Hanson പ്രഖ്യാപിച്ചു. ചൊവ്വാഴ്ച, നവംബർ 24ന്, ആൽബനീസ് സർക്കാരിന് ഗ്രീൻസ് പാർട്ടിയുടെ പിന്തുണ ലഭിച്ചതോടെയാണ് Online Safety Amendment (Digital Duty of Care) Bill 2026 മുന്നോട്ടുപോയത്.

പുതിയ ധാരണപ്രകാരം, ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ മൂലം ഉപയോക്താക്കൾക്ക് ദോഷമുണ്ടായാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ അവർക്ക് അവകാശമുണ്ടാകും. നിയമപ്രകാരമുള്ള ഉത്തരവാദിത്വങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് ആഗോള വരുമാനത്തിന്റെ അഞ്ച് ശതമാനം വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. ഈ ബിൽ ഒരിക്കലും അവതരിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് Angus Taylor പറഞ്ഞു. ആശയവിനിമയ മന്ത്രിക്കും eSafety കമ്മീഷണർക്കും നൽകുന്ന അധികാരങ്ങൾ നിയമാനുസൃതമായ രാഷ്ട്രീയ ചർച്ചകളിൽ പോലും ഇടപെടാൻ ഉപയോഗിക്കപ്പെടാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓൺലൈൻ സാന്നിധ്യമുള്ള ചെറുകിട ബിസിനസുകൾക്കും സാമൂഹിക സംഘടനകൾക്കും ഇത് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഈ ബിൽ ജനാധിപത്യവിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരുമാണ്. രാഷ്ട്രീയ സെൻസർഷിപ്പിന് സർക്കാർ നൽകുന്ന പരിധിയില്ലാത്ത അധികാരമാണിത്,” Taylor ആരോപിച്ചു. ഇതിലും കടുത്ത നിലപാടാണ് Pauline Hanson സ്വീകരിച്ചത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, വൺ നേഷൻ സർക്കാർ അധികാരത്തിലെത്തിയാൽ നിയമം ഉടൻ പിൻവലിക്കാൻ നടപടിയെടുക്കുമെന്ന് ക്വീൻസ്‌ലൻഡിൽ നിന്നുള്ള സെനറ്റർ വ്യക്തമാക്കി. വലിയ തുക പിഴയായി ഈടാക്കാനുള്ള വ്യവസ്ഥകൾ കാരണം, നിയമലംഘനം നടത്താത്ത ഉപയോക്താക്കളുടെ വിവാദപരമായ അഭിപ്രായങ്ങൾ പോലും പ്ലാറ്റ്ഫോമുകൾ നീക്കം ചെയ്യാൻ നിർബന്ധിതരാകുമെന്ന് അവർ വാദിച്ചു. “സർക്കാർ പിഴകൾ ഒഴിവാക്കുന്നതിനായി നിയമാനുസൃതമായ അഭിപ്രായങ്ങൾ പോലും നീക്കം ചെയ്യാൻ ഈ നിയമം ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് സമ്മർദമുണ്ടാക്കും,” Hanson പറഞ്ഞു.

നിയമം പിൻവലിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല വൺ നേഷൻ പ്രഖ്യാപനം. eSafety കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കി, കുട്ടികളെ ഓൺലൈൻ ദുരുപയോഗത്തിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ആ ഓഫീസ് പുനഃക്രമീകരിക്കുമെന്നും Hanson പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന പുതിയ നിയമനിർമാണവും പാർട്ടി ലക്ഷ്യമിടുന്നു. അതേസമയം, അക്രമവും വ്യക്തികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളും തടയുന്നതിനുള്ള നിലവിലെ സംരക്ഷണങ്ങൾ തുടരും. അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനഹിതപരിശോധന നടത്തുകയും ഈ അവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ ജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്യുമെന്നും അവർ പ്രഖ്യാപിച്ചു.

ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനരീതിക്കും ഉത്തരവാദിത്വം

ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ രൂപകൽപ്പനയും പ്രവർത്തനരീതിയും ഉപയോക്താക്കൾക്ക് ദോഷമുണ്ടാക്കാൻ ഇടയാക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ വാദം. ഒരു പ്രത്യേക പോസ്റ്റിനെതിരെ പരാതി നൽകേണ്ട സാഹചര്യം ഉണ്ടാകുന്നതിന് മുമ്പുതന്നെ പ്ലാറ്റ്ഫോമുകളുടെ ചില സവിശേഷതകൾ ആളുകളെ ദോഷകരമായി ബാധിക്കാമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമായി, അവസാനമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്ന സ്ക്രോളിങ് സംവിധാനത്തെ സർക്കാർ പരാമർശിക്കുന്നു. ഉപയോക്താക്കളെ കൂടുതൽ സമയം പ്ലാറ്റ്ഫോമിൽ നിലനിർത്താൻ രൂപകൽപ്പന ചെയ്ത ഇത്തരം സംവിധാനങ്ങൾ ദോഷകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടോയെന്ന് കമ്പനികൾ വിലയിരുത്തേണ്ടിവരും.

16 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ശുപാർശകൾ ഓഫ് ചെയ്യാനും തങ്ങൾ പിന്തുടരുന്ന അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രം ഉൾപ്പെടുന്ന ഫീഡ് തിരഞ്ഞെടുക്കാനും സാധിക്കും.

കുട്ടികളെ ഭീഷണിപ്പെടുത്തൽ, ഭക്ഷണക്രമ വൈകല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കാൻ പ്ലാറ്റ്ഫോമുകൾ ന്യായമായ നടപടികൾ സ്വീകരിക്കണമെന്നും നിയമം ആവശ്യപ്പെടും. മുതിർന്നവരുടെ കാര്യത്തിൽ പിന്തുടരൽ, അക്രമഭീഷണികൾ, സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. നിയമത്തിന്റെ വ്യാപ്തി സംബന്ധിച്ച ആശങ്കകൾ പരിഗണിച്ച്, കുറഞ്ഞ അപകടസാധ്യതയുള്ള വെബ്സൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന ചെറുകിട ബിസിനസുകൾക്ക് ഇളവ് നൽകുന്ന കാര്യം ലേബർ സർക്കാർ പരിഗണിക്കുന്നുണ്ട്.

പ്ലാറ്റ്ഫോമുകൾക്കെതിരെ കോടതിയെ സമീപിക്കാം

പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന്, ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്വ ലംഘനം മൂലം ദോഷമുണ്ടായാൽ വ്യക്തികൾക്ക് നേരിട്ട് കോടതിയെ സമീപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടാൻ കഴിയുമെന്നതാണ്.

ചെറിയ പരാതികൾ പരിഹരിക്കുന്നതിനായി ഭാവിയിൽ ഡിജിറ്റൽ പരാതികൾക്കായുള്ള ഓംബുഡ്സ്മാൻ സംവിധാനവും സർക്കാർ സ്ഥാപിച്ചേക്കും. വ്യക്തികൾ നേരിട്ട് കോടതിയെ സമീപിക്കുന്ന കേസുകൾ വളരെ അപൂർവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശയവിനിമയ മന്ത്രി Anika Wells പറഞ്ഞു. മാതാപിതാക്കൾക്ക് പരിചിതമായ ഒരു സാഹചര്യം വിവരിച്ചുകൊണ്ടാണ് മന്ത്രി നിയമത്തെ ന്യായീകരിച്ചത്. “നിങ്ങളുടെ മുന്നിൽ സോഫയിൽ ഇരിക്കുന്ന കുട്ടിയുടെ കൈവശമുള്ള സ്ക്രീനിൽ എന്താണ് നടക്കുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയാത്ത സാഹചര്യമാണിത്,” അവർ പറഞ്ഞു. ആഗോള വരുമാനവുമായി ബന്ധിപ്പിച്ചുള്ള പിഴകളും കോടതിയെ സമീപിക്കാനുള്ള സാധ്യതയും വലിയ ഓൺലൈൻ കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങളുടെ പ്രവർത്തനരീതി മാറ്റാൻ സാമ്പത്തിക പ്രേരണ നൽകുമെന്ന് ഗ്രീൻസ് പാർട്ടിയുടെ ആശയവിനിമയ വക്താവ് Sarah Hanson-Young പറഞ്ഞു. ഗ്രീൻസ് പാർട്ടിയുടെ പിന്തുണ ലഭിച്ചതോടെയാണ് ബിൽ മുന്നോട്ടുകൊണ്ടുപോകാൻ ലേബർ സർക്കാരിന് സെനറ്റിൽ ആവശ്യമായ പിന്തുണ ലഭിച്ചത്. ബില്ലിൽ അന്തിമ വോട്ടെടുപ്പ് ബുധനാഴ്ച, നവംബർ 25ന് നടത്താനുള്ള ശ്രമത്തിലായിരുന്നു സർക്കാർ.