

സിഡ്നി: അന്തരിച്ച എലിസബത്ത് രണ്ടാമൻ രാജ്ഞിക്കായി അതിമനോഹരമായ രാജകീയ കുതിരവണ്ടികൾ (Royal Coaches) നിർമ്മിച്ച് ആഗോളതലത്തിൽ ശ്രദ്ധനേടിയ സിഡ്നിയിലെ പ്രശസ്ത ശില്പി ജിം ഫ്രെക്ലിംഗ്ടണിന്റെ അവസാന കരവിരുതും പൂർത്തിയാകുന്നു. ചാൾസ് മൂന്നാമൻ രാജാവിനായി മൂന്ന് ടൺ ഭാരമുള്ള 'കോമൺവെൽത്ത് റോയൽ കോച്ച്' നിർമ്മിക്കുന്നതിനിടെ കഴിഞ്ഞ മാസമാണ് ജിം ഫ്രെക്ലിംഗ്ടൺ അന്തരിച്ചത്. ലണ്ടനിലെ കൊട്ടാരത്തിലേക്ക് ഈ വണ്ടി കൈമാറാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു അദ്ദേഹത്തിന്റെ വേർപാട്. നിലവിൽ സിഡ്നിയിലെ നോർത്തേൺ ബീച്ചിലുള്ള വർക്ക്‌ഷോപ്പിൽ മറ്റ് ശില്പികളുടെ നേതൃത്വത്തിൽ വണ്ടിയുടെ അവസാനഘട്ട മിനുക്കുപണികൾ പൂർത്തിയായി വരികയാണ്.
1066 മുതലുള്ള ബ്രിട്ടീഷ് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ചിത്രങ്ങൾ മരത്തിൽ കൊത്തിവെച്ചാണ് ഈ രഥം ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, സിഡ്നി ഓപ്പറ ഹൗസിന്റെ നവീകരണ സമയത്ത് എടുത്തുമാറ്റിയ ചരിത്രവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് വണ്ടിയുടെ പിടി (Footman handles) നിർമ്മിച്ചിരിക്കുന്നത്. ചാൾസ് രാജാവിന്റെ ഔദ്യോഗിക മുദ്രയായ 'CRIII' പതിപ്പിച്ച ആദ്യ കുതിരവണ്ടിയെന്ന പ്രത്യേകതയും ഇതിനുണ്ട്. പഴയകാല രഥങ്ങളിൽ യാത്ര ചെയ്യുമ്പോൾ രാജ്ഞിക്ക് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കാനായി എയർ കണ്ടീഷനിംഗ്, ഹൈഡ്രോളിക് സ്റ്റെബിലൈസേഷൻ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്രെക്ലിംഗ്ടൺ കുതിരവണ്ടികൾ രൂപകൽപ്പന ചെയ്തത്. വരുന്ന മാസങ്ങളിൽ ചാൾസ് രാജാവിന് ഈ രാജകീയ രഥം ഔദ്യോഗികമായി സമർപ്പിക്കും. ലോകത്തിലെ അവസാനത്തെ രാജകീയ കുതിരവണ്ടി നിർമ്മാതാക്കളിൽ പ്രമുഖനായിരുന്ന ജിം ഫ്രെക്ലിംഗ്ടണിന്റെ വേർപാടോടെ ഒരു ചരിത്ര യുഗത്തിനാണ് സമാപനമാകുന്നത്.