സിഡ്നിയിലെ ടാനിംഗ് സ്ഥാപനത്തിന് 35,000 ഡോളറിലധികം പിഴ

ബോണ്ടിയിലും ഫെയർഫീൽഡിലുമായി പ്രവർത്തിച്ചിരുന്ന The Tanned Me എന്ന സ്ഥാപനത്തിനെതിരെയാണ് ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി സംരക്ഷണ അതോറിറ്റി (EPA) നടപടി സ്വീകരിച്ചത്.
സിഡ്നിയിലെ ടാനിംഗ് സ്ഥാപനത്തിന് 35,000 ഡോളറിലധികം പിഴ
Published on

സിഡ്നിയിലെ രണ്ട് കേന്ദ്രങ്ങളിൽ നിയമവിരുദ്ധമായി UV ടാനിംഗ് സേവനങ്ങൾ നടത്തിയ സ്ഥാപനത്തിന് 35,000 ഓസ്ട്രേലിയൻ ഡോളറിലധികം പിഴ ചുമത്തി. ബോണ്ടിയിലും ഫെയർഫീൽഡിലുമായി പ്രവർത്തിച്ചിരുന്ന The Tanned Me എന്ന സ്ഥാപനത്തിനെതിരെയാണ് ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി സംരക്ഷണ അതോറിറ്റി (EPA) നടപടി സ്വീകരിച്ചത്. അന്വേഷണത്തിനിടെ സ്ഥാപനത്തിന്റെ രണ്ട് ശാഖകളിലുമായി ഒമ്പത് UV ടാനിംഗ് ബെഡുകൾ കണ്ടെത്തി. ന്യൂ സൗത്ത് വെയിൽസിൽ വാണിജ്യാടിസ്ഥാനത്തിൽ UV കോസ്മെറ്റിക് ടാനിംഗ് സേവനങ്ങൾ നൽകുകയോ അതിന് പരസ്യം ചെയ്യുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

2023 നവംബറിൽ ഫെയർഫീൽഡ് ശാഖയിലും 2024 ഓഗസ്റ്റിൽ ന്യൂ സൗത്ത് വെയിൽസ് പൊലീസിന്റെ സാന്നിധ്യത്തിൽ ബോണ്ടി ശാഖയിലും നടത്തിയ പരിശോധനകളിൽ അധികൃതർ 800 ഡോളറിലധികം പണവും ഓൺലൈൻ സന്ദേശ പ്ലാറ്റ്ഫോമുകൾ വഴി നടത്തിയ ബുക്കിംഗുകളുടെ തെളിവുകളും കണ്ടെത്തി. തുടർന്ന് സ്ഥാപനത്തിനെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തുകയും ഒമ്പത് ടാനിംഗ് ബെഡുകളും പിടിച്ചെടുക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. സ്ഥാപനത്തിന് 16,000 ഡോളർ പിഴയും 19,300 ഡോളർ നിയമച്ചെലവും അടയ്ക്കാനും നിർദേശിച്ചു.

Also Read
ബെൽസ് ബീച്ചിൽ തിമിംഗല ശവം കരയ്ക്കടിഞ്ഞു; സ്രാവ് സാന്നിധ്യത്തിന് മുന്നറിയിപ്പ്
സിഡ്നിയിലെ ടാനിംഗ് സ്ഥാപനത്തിന് 35,000 ഡോളറിലധികം പിഴ

ന്യൂ സൗത്ത് വെയിൽസിൽ UV ടാനിംഗ് സേവനങ്ങൾ നൽകിയതിന് ഒരു സ്ഥാപനത്തിനെതിരെ EPA വിജയകരമായി കേസ് നടത്തി ശിക്ഷ ലഭിക്കുന്ന ആദ്യ സംഭവമാണിത്. UV ടാനിംഗ് ബെഡുകളുടെ ഉപയോഗം ചർമ്മാർബുദ സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 35 വയസിന് മുമ്പ് ടാനിംഗ് ബെഡുകൾ ഉപയോഗിക്കുന്നവർക്ക് മെലനോമ എന്ന ഗുരുതര ചർമ്മാർബുദം വരാനുള്ള സാധ്യത 75 ശതമാനം കൂടുതലാണെന്ന് EPA വ്യക്തമാക്കി. ലോകത്ത് ഏറ്റവും ഉയർന്ന ചർമ്മാർബുദ നിരക്കുകളുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. 2025-ൽ മാത്രം 17,443 പുതിയ മെലനോമ കേസുകൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഏകദേശം 1,500 പേർ ഈ രോഗത്തെ തുടർന്ന് മരിക്കുകയും ചെയ്തു.

ഇത്തരം അപകടസാധ്യതകൾ കണക്കിലെടുത്ത് കഴിഞ്ഞ വർഷം ന്യൂ സൗത്ത് വെയിൽസ് സർക്കാർ റേഡിയേഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കി. നിയമവിരുദ്ധമായി ടാനിംഗ് ബെഡുകൾ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ 1,500 ഡോളറിൽ നിന്ന് 10,000 ഡോളറായി ഉയർത്തിയിട്ടുണ്ട്. വ്യക്തികൾക്ക് 5,000 ഡോളർ വരെ പിഴ ചുമത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലൂടെ UV ടാനിംഗ് സേവനങ്ങൾ പരസ്യം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

Metro Australia
maustralia.com.au