

സിഡ്‌നി: ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് 12 മണിക്കൂറിനുള്ളിൽ ഒൻപത് വ്യത്യസ്ത നഗരങ്ങളിലായി ഒൻപത് ലൈവ് സംഗീത പരിപാടികൾ വിജയകരമായി പൂർത്തിയാക്കി സിഡ്‌നിയിലെ ഡ്രീം പോപ്പ് സംഗീത കൂട്ടായ്മയായ 'ഫാതം' (Fathom). ഗായിക കേറ്റ് ഗുർഗിസ്, കീബോർഡ് വാദകൻ ജാക്സൺ ഇറ്റാലിയാനോ എന്നിവരടങ്ങുന്ന സംഘമാണ് ന്യൂ സൗത്ത് വെയിൽസിലെ സിംഗിൾട്ടണിൽ നിന്ന് ആരംഭിച്ച് കാൻബറയിൽ അവസാനിച്ച സാഹസിക സംഗീത യാത്ര നടത്തിയത്.
ഓരോ വേദികളും തമ്മിൽ കുറഞ്ഞത് 50 കിലോമീറ്റർ ദൂരപരിധി പാലിക്കണമെന്ന നിബന്ധനയുള്ളതിനാൽ ടൂർ ബസ്, കാർ എന്നിവയ്ക്ക് പുറമെ വിമാനത്തിലും ഹെലികോപ്റ്ററിലുമായാണ് ഇരുവരും സഞ്ചരിച്ചത്. ഗതാഗതക്കുരുക്കും ചാർട്ടേഡ് വിമാനത്തിന്റെ തകരാറും കാരണം പലതവണ യാത്ര മുടങ്ങുന്ന സ്ഥിതിയുണ്ടായെങ്കിലും അവസാന നിമിഷം വെറും 15 സെക്കൻഡ് ബാക്കിനിൽക്കെ കാൻബറയിലെ അവസാന വേദിയിൽ 15 മിനിറ്റ് സംഗീത പരിപാടി പൂർത്തിയാക്കാൻ ഇവർക്ക് സാധിച്ചു. മാനസികാരോഗ്യ സംഘടനയായ ബിയോണ്ട് ബ്ലൂവിനായി (Beyond Blue) 2,200 ഡോളർ ഫണ്ട് സ്വരൂപിച്ചുകൊണ്ടായിരുന്നു റെക്കോർഡ് ഉദ്യമം. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഗിന്നസ് അധികൃതർക്ക് സമർപ്പിച്ചു.