

സിഡ്‌നി: കാലാവസ്ഥാ വ്യതിയാനവും അസാധാരണമായ ചൂടും കാരണം മഞ്ഞുവീഴ്ച ഗണ്യമായി കുറഞ്ഞതിനെത്തുടർന്ന് ന്യൂ സൗത്ത് വെയിൽസ് ആൽപ്സിലെ പ്രമുഖ സ്കീയിംഗ് കേന്ദ്രമായ സെൽവിൻ സ്നോ റിസോർട്ട് ഈ വർഷത്തെ ശീതകാല സീസൺ നേരത്തെ അവസാനിപ്പിച്ചു. ശീതകാലം ഔദ്യോഗികമായി അവസാനിക്കാൻ എട്ട് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് റിസോർട്ട് അടച്ചുപൂട്ടാൻ മാനേജ്മെന്റ് തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച പെയ്ത മഴയും ഉയർന്ന താപനിലയും കാരണം സ്വാഭാവിക മഞ്ഞുപാളികൾ അതിവേഗം ഉരുകിത്തീർന്നതാണ് അടിയന്തര തീരുമാനത്തിന് കാരണം.
വിക്ടോറിയയിലെ മൗണ്ട് ബോ ബോ ആൽപൈൻ റിസോർട്ടും സമാനമായ സാഹചര്യത്തിൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ ജൂൺ മാസമാണ് കടന്നുപോയത്. പെരിഷർ , ത്രെഡ്ബോ , ഷാർലറ്റ് പാസ് എന്നീ റിസോർട്ടുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, മുൻവർഷങ്ങളെ അപേക്ഷിച്ച് സ്നോ കവർ പകുതിയോളമായി കുറഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സ്പ്രിംഗ് സീസൺ സ്കീയിംഗിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്.