ബീച്ചുകളിൽ അടിഞ്ഞ് വിഷാംശമുള്ള അപൂർവ്വ ജീവികൾ; വളർത്തുനായ്ക്കൾക്ക് ജീവന് ഭീഷണി, ജാഗ്രതാനിർദ്ദേശം

ജെല്ലി പോലെയുള്ള ഇവയെ കണ്ട് സഞ്ചാരികൾ കൗതുകത്തിലായെങ്കിലും, വളർത്തുനായ്ക്കൾക്ക് ഇവ അതീവ മാരകമായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതരും വിദഗ്ദ്ധരും.
ബീച്ചുകളിൽ അടിഞ്ഞ് വിഷാംശമുള്ള അപൂർവ്വ ജീവികൾ; വളർത്തുനായ്ക്കൾക്ക് ജീവന് ഭീഷണി, ജാഗ്രതാനിർദ്ദേശം
ABC South East NSW: Adriane Reardon
Published on: 

സിഡ്നി: ന്യൂ സൗത്ത് വെയിൽസിന്റെ ദക്ഷിണ തീരപ്രദേശമായ ഈഡനിലെ ആസ്‌ലിംഗ്സ് ബീച്ചിൽ (Aslings Beach at Eden) വിഷാംശമുള്ള ആയിരക്കണക്കിന് അപൂർവ്വ സമുദ്രജീവികൾ അടിഞ്ഞുകൂടി. 'സീ ഹെയർ' (Sea hare) എന്നറിയപ്പെടുന്ന ഒരുതരം വലിയ കടൽ ഒച്ചുകളാണ് തീരത്തടിഞ്ഞത്. ജെല്ലി പോലെയുള്ള ഇവയെ കണ്ട് സഞ്ചാരികൾ കൗതുകത്തിലായെങ്കിലും, വളർത്തുനായ്ക്കൾക്ക് ഇവ അതീവ മാരകമായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതരും വിദഗ്ദ്ധരും.

കടലിൽ സ്വാഭാവികമായി ഉണ്ടായ ചുവന്ന പായലുകളുടെ (Algal bloom) വ്യാപനത്തിന് പിന്നാലെയാണ് ഇവ കൂട്ടത്തോടെ കരയ്ക്കടിഞ്ഞതെന്ന് മാക്വാരി സർവകലാശാലയിലെ മറൈൻ ബയോളജിസ്റ്റ് പ്രൊഫസർ കുലം ബ്രൗൺ വ്യക്തമാക്കി. കടലിലെ പായലുകൾ ഭക്ഷിച്ചു ജീവിക്കുന്ന ഇവ, ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ പായലുകളിലെ വിഷാംശം ശരീരത്തിൽ സൂക്ഷിക്കാറുണ്ട്. അസ്വസ്ഥത തോന്നുമ്പോൾ കണവകളെപ്പോലെ മഷി പോലുള്ള സ്രവം പുറത്തുവിടുന്ന ഇവയ്ക്ക് മുയലിന്റെ ചെവികളെപ്പോലെയുള്ള ഭാഗങ്ങളുണ്ട്. തിരമാലകളിൽ പെട്ട് ഭൂരിഭാഗവും തിരികെ കടലിലേക്ക് പോയെങ്കിലും, അവശേഷിച്ച ആയിരക്കണക്കിന് ഒച്ചുകളെ ബേഗ വാലി ഷെയർ കൗൺസിൽ ശുചീകരണ തൊഴിലാളികൾ ബീച്ചിൽ നിന്നും നീക്കം ചെയ്തു.

ഈ കടൽ ഒച്ചുകൾ തിന്നുകയോ നക്കുകയോ ചെയ്യുന്നത് വളർത്തുനായ്ക്കളുടെ ആരോഗ്യത്തെ അതീവ ഗുരുതരമായി ബാധിക്കും. അതിനാൽ ബീച്ചിലൂടെ നായ്ക്കളെ കൊണ്ടുനടക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കൗൺസിൽ സസ്റ്റൈനബിലിറ്റി മാനേജർ ഡെറക് വാൻ ബ്രാക്റ്റ് മുന്നറിയിപ്പ് നൽകി. മനുഷ്യർക്ക് ഇവ ജീവഹാനി വരുത്തില്ലെങ്കിലും, ഇവയെ തൊട്ടുകഴിഞ്ഞാൽ കൈകൾ സോപ്പിട്ട് കഴുകണമെന്നും കണ്ണുകളിൽ തൊടരുതെന്നും നിർദ്ദേശമുണ്ട്. കടൽ പ്രക്ഷുബ്ധമാകുമ്പോഴും ശക്തമായ കാറ്റ് വീശുമ്പോഴും തെക്കൻ ഓസ്‌ട്രേലിയൻ തീരങ്ങളിൽ ഇത്തരം ജീവികൾ കൂട്ടത്തോടെ കരയ്ക്കടിയുന്നത് സാധാരണമാണെന്നും വിദഗ്ദ്ധർ കൂട്ടിച്ചേർത്തു.

Metro Australia
maustralia.com.au