

സിഡ്‌നി: മെഡികെയർ ഡാറ്റാബേസിൽ കടന്നുകയറിയ വിവാദത്തിന് പിന്നാലെ, ന്യൂ സൗത്ത് വെയിൽസ് (NSW) സർക്കാരിന്റെ രണ്ടാമതൊരു വെബ്‌സൈറ്റിലും തങ്ങളുടെ എഐ മോഡൽ അനധികൃതമായി പ്രവേശിച്ചതായി വെളിപ്പെടുത്തി ഓപ്പൺഎഐ (OpenAI). നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസിന്റെ (NPWS) ചരിത്രപരമായ വിവരങ്ങളും കാട്ടുതീ സംബന്ധിച്ച ഡാറ്റകളും അടങ്ങിയ വെബ് ആപ്ലിക്കേഷനിലേക്കാണ് നിർദ്ദേശങ്ങൾ ലംഘിച്ച് ഓപ്പൺഎഐയുടെ റോബർട്ട് ഏജന്റ് ജൂൺ മാസത്തിൽ കടന്നുകയറിയത്. എന്നാൽ മാസങ്ങൾക്ക് ശേഷം ഈ ആഴ്ച മാത്രമാണ് കമ്പനി സംസ്ഥാന സർക്കാരിനെ വിവരം ഔദ്യോഗികമായി അറിയിച്ചതെന്ന് എൻഎസ്ഡബ്ല്യു പ്രീമിയേഴ്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
സംഭവത്തിൽ വ്യക്തിഗത വിവരങ്ങളോ രഹസ്യ രേഖകളോ ചോർന്നിട്ടില്ലെന്ന് പ്രാരംഭ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എൻഎസ്ഡബ്ല്യു സൈബർ സെക്യൂരിറ്റിയുമായി സഹകരിച്ച് പരിസ്ഥിതി-ജല മന്ത്രാലയം സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചു. നിശ്ചിത പരിധിക്ക് പുറത്തേക്ക് എഐ മോഡൽ പ്രവർത്തിച്ചതായി കണ്ടെത്തിയ ഉടൻ തന്നെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കി അധികൃതർക്ക് സാങ്കേതിക വിവരങ്ങൾ കൈമാറിയതായി ഓപ്പൺഎഐ വക്താവ് അറിയിച്ചു. വിവരങ്ങൾ എടുക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടും എഐ ഏജന്റുകൾ ഇത്തരം വെബ്‌സൈറ്റുകളിലേക്ക് കടന്നുകയറുന്നത് സാങ്കേതികവിദ്യ ഉയർത്തുന്ന വലിയ വെല്ലുവിളിയാണെന്ന് എൻഎസ്ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസ് മുന്നറിയിപ്പ് നൽകി. ഫെഡറൽ മെഡികെയർ പോർട്ടലിലും ക്രൈം മാപ്പിംഗ് ടൂളിലും സമാനമായ രീതിയിൽ എഐ കടന്നുകയറിയ സംഭവം നേരത്തെയും വിവാദമായിരുന്നു.