

സിഡ്നി: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ ഇന്ധനവില വർധനവും കുറഞ്ഞ യാത്രാ ആവശ്യകതയും ചൂണ്ടിക്കാട്ടി ന്യൂ സൗത്ത് വെയിൽസിലെ രണ്ട് പ്രധാന റൂട്ടുകളിലെ സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച് ഓസ്ട്രേലിയൻ റീജിയണൽ വിമാനക്കമ്പനിയായ റീജിയണൽ എക്സ്പ്രസ് (Rex). ഒക്ടോബർ 25 മുതൽ സിഡ്നിയിൽ നിന്ന് മിഡ് നോർത്ത് കോസ്റ്റിലെ പോർട്ട് മാക്വറിയിലേക്കും സെൻട്രൽ വെസ്റ്റിലെ ഓറഞ്ചിലേക്കുമുള്ള വിമാന സർവീസുകളാണ് കമ്പനി റദ്ദാക്കിയത്. ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് റീഫണ്ടോ മറ്റ് തീയതികളിലേക്ക് റീബുക്കിംഗോ നൽകുമെന്ന് എയർലൈൻ അറിയിച്ചു.
ഫെഡറൽ സർക്കാരിന്റെ വലിയ സാമ്പത്തിക സഹായത്തോടെ യുഎസ് ആസ്ഥാനമായ എയർ ടി കമ്പനി റെക്സിനെ ഏറ്റെടുത്ത് ഒരു വർഷം തികയും മുൻപാണ് ഈ പിന്മാറ്റം. സർവീസുകൾ സംരക്ഷിക്കുന്നതിനായി 60 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക പാക്കേജും 108 ദശലക്ഷം ഡോളറിന്റെ കടാശ്വാസവുമാണ് ർക്കാർ നൽകിയിരുന്നത്. എന്നിട്ടും സർവീസുകൾ റദ്ദാക്കാനുള്ള തീരുമാനം പ്രദേശവാസികൾക്ക് കനത്ത തിരിച്ചടിയാണെന്ന് ഫെഡറൽ എംപി ആൻഡ്രൂ ജീ പറഞ്ഞു. പ്രതിവർഷം 700 ദശലക്ഷം ഡോളറിന്റെ ടൂറിസം വിപണിയുള്ള പോർട്ട് മാക്വറിയെയും ഓറഞ്ചിന്റെ യാത്രാസൗകര്യങ്ങളെയും തീരുമാനം ദോഷകരമായി ബാധിക്കുമെന്ന് അതത് നഗരസഭാ മേയർമാർ ആശങ്ക പ്രകടിപ്പിച്ചു.
തീരുമാനം നിരാശാജനകമാണെന്നും എന്നാൽ പ്രസ്തുത റൂട്ടുകളിൽ ക്വാണ്ടാസ് (Qantas), ലിങ്ക് എയർവേയ്സ് (Link Airways) തുടങ്ങിയ മറ്റ് വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ടെന്നും ഫെഡറൽ ട്രാൻസ്പോർട്ട് മന്ത്രി കാതറിൻ കിംഗിന്റെ ഓഫീസ് വ്യക്തമാക്കി. റീജിയണൽ മേഖലകളിലെ സർവീസുകൾ നിലനിർത്താൻ കമ്പനി നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് സർക്കാർ കർശനമായി നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ധനവില കുറഞ്ഞ് റൂട്ടുകൾ ലാഭകരമാകുന്ന മുറയ്ക്ക് സർവീസുകൾ പുനഃസ്ഥാപിക്കുന്നത് പരിഗണിക്കുമെന്നാണ് റെക്സിന്റെ വിശദീകരണം.